പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്കുള്ള കേന്ദ്ര പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍, പി.എഫ്.എം.എസ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഈ സ്‌കോളര്‍ഷിപ്പിന് ജാതി, മതം, വരുമാന പരിധികള്‍ ബാധകമല്ല. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പത്ത് ശതമാനം അധിക തുക ലഭിക്കും. എന്നാല്‍ ഹരിതകര്‍മസേന പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെയോ സാമൂഹികക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ മാത്രം) എന്നിവ സ്‌കൂള്‍ അധികൃതര്‍ മുന്‍പാകെ ഹാജരാക്കണം. സ്‌കൂളുകളില്‍നിന്ന് ഇ-ഗ്രാന്റ്‌സ് മുഖേന ഓണ്‍ലൈനായി ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യേണ്ട അവസാന തീയതി 2027 ജനുവരി 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734901.
- Log in to post comments