Skip to main content

ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനത്തിന് ഇന്ന് (നവംബർ 9) തുടക്കം

​പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ (സി.ജി ആൻഡ് എ.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ പ്രദർശനമായ 'ദിശ' എക്സ്പോയ്ക്ക് ഇന്ന് (നവംബർ ഒമ്പത്) തുടക്കമാകും. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നവംബർ 13 വരെയാണ് പ്രദർശനം നടക്കുന്നത്. ഇന്ന് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ വ്യവസായ-വാണിജ്യ-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എക്സ്പോ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. എക്സ്പോയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മുഖ്യാതിഥിയാകും. എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം, ആര്യാടൻ ഷൗക്കത്ത്, നജീബ് കാന്തപുരം, വി.എസ് ജോയി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ, ജില്ലാ കളക്ടർ വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എം.എസ്.പി കമാൻഡന്റ് കെ. സലീം, മലപ്പുറം നഗരസഭാ അധ്യക്ഷ വി.റിൻഷ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ അസ് ലു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, മലപ്പുറം നഗരസഭാ ഉപാധ്യക്ഷൻ ജിതേഷ് ജി അനിൽ, കൗൺസിലർ അനിൽ കുമാർ, ഹയർസെക്കൻഡറി ജോ. ഡയറക്ടർ ഡോ. കെ കെ അഷ്‌റഫ് തുടങ്ങിയവർ പങ്കെടുക്കും.

ഹയർ സെക്കൻഡറി പഠനത്തിന് ശേഷമുള്ള ഉപരിപഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ ദിശാബോധം നൽകുകയാണ് എക്സ്പോയുടെ ലക്ഷ്യം. 25,000 ചതുരശ്രയടി വിസ്തീർണത്തിൽ സജ്ജമാക്കിയ നഗരിയിൽ കേന്ദ്ര-സംസ്ഥാന സർവകലാശാലകളും പ്രമുഖ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ എൺപതിലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങളിൽ ലഭ്യമായ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, പ്ലേസ്മെന്റ് രീതികൾ, ഫീസ് ഘടന എന്നിവയെക്കുറിച്ച് അറിയാനും അവിടുത്തെ അധ്യാപകരുമായി നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ടാകും.

 ​പ്രദർശനത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി ഡിസൈൻ, ഫിലിം ആൻഡ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്, നിയമം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവീസ് എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ നടക്കും. നവംബർ 13-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തോടെ എക്സ്പോ അവസാനിക്കും.

date