ഭരണഭാഷാ വാരാഘോഷം സമാപിച്ചു
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് സമാപനമായി. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
മലയാളഭാഷയുടെ വളർച്ചയിൽ അധ്യാപകരെയും കവികളെയും എഴുത്തുകാരെയും പോലെ സർക്കാർ ഉദ്യോഗസ്ഥരും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ടി.എസ്. ജോയ് പറഞ്ഞു. മലയാളത്തിന് ലോകത്തിലെ മികച്ച ഭാഷകളോടൊപ്പം നിൽക്കാനുള്ള ശേഷിയുണ്ടെന്നും ഭാഷയെക്കുറിച്ചുള്ള അഭിമാനവും അറിവും വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ശ്രീകുമാർ മുഖത്തല മുഖ്യാതിഥിയായി.
മലയാള ഭാഷയുടെ സാംസ്കാരിക പൈതൃകവും തനിമയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വളർച്ചയിൽ മാതൃഭാഷയ്ക്കുള്ള പങ്ക് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും ഭാഷയും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഭരണനിർവഹണത്തിൽ ജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർ മലയാളഭാഷ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ജില്ലാ കളക്ടർ വ്യക്തമാക്കി.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന തത്സമയ ക്വിസ് മത്സരത്തിൽ തൗഫീഖ് എം.എച്ച്, ഹരികൃഷ്ണൻ എസ്. എസ്. എന്നിവരടങ്ങിയ ഓഡിറ്റ് വിഭാഗം ടീം 50 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. കേരള ഹൈക്കോടതി വകുപ്പ് അംഗങ്ങളായ ധന്യ രാജൻ, കെ. മനാഫ് എന്നിവരുടെ ടീം 40 പോയിന്റോടെ രണ്ടാം സ്ഥാനവും കെ.എസ്.ഇ.ബി. വകുപ്പ് അംഗങ്ങളായ ടി. കെ. രാജീവ്, ദിനേശ് ശങ്കരനാരായണൻ എന്നിവരുടെ ടീം 35 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 'കേരളം: ഭാഷ, ചരിത്രം, സമൂഹം' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ ശ്രീകുമാർ മുഖത്തല ക്വിസ് മാസ്റ്ററായി. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ രമ്യ എ.ടി. നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments