Skip to main content

ക്ഷീരമേഖലയ്ക്ക് പുത്തൻ ഉണർവേകി വാഴക്കുളം ബ്ലോക്ക് ക്ഷീരസംഗമം 

*ക്ഷീരമേഖലയിലെ മികവുകൾക്ക് ആദരം; പ്രദർശനങ്ങളും സെമിനാറും നേത്രചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു

ക്ഷീരകർഷകരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ക്ഷീരമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്‌  ക്ഷീരസംഗമം സംഘടിപ്പിച്ചു. എടയപ്പുറം ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനവും ക്ഷീരസംഗമവും ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെ എംഎൽഎമാരായ വി.പി. സജീന്ദ്രൻ, നോജ് മൂത്തേടൻ എന്നിവർ  ആദരിച്ചു. ക്ഷീരകർഷകർക്കായി സംഘടിപ്പിച്ച സെമിനാറിൽ പശുക്കളിലെ രക്തപരാദരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നൽകി.

ക്ഷീരമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ബ്ലോക്കിലെ മികച്ച ക്ഷീരകർഷകയായി ആനി എബിയും മികച്ച ക്ഷീരകർഷകനും യുവകർഷകനുമുള്ള പുരസ്കാരത്തിന് അബ്ദുൽ റഹീം ടി.എസും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പട്ടികജാതി/പട്ടികവർഗ വിഭാഗം ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരം കുഞ്ഞിപ്പെണ്ണ് കണ്ണപ്പൻ നേടി. ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം വെങ്ങോല ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള പുരസ്കാരം വളയൻചിറങ്ങര അപ്കോസ് (APCOS) നേടി. ഗുണനിലവാരമുള്ള പാൽ സംഭരണത്തിൽ ചേലക്കുളം ക്ഷീരസംഘം ഒന്നാം സ്ഥാനവും എടയപ്പുറം ക്ഷീരസംഘം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിവിധ ക്ഷീരസംഘങ്ങളിൽ ഏറ്റവും കൂടുതൽ അളവിൽ പാൽ അളക്കുന്ന കർഷകരെയും ചടങ്ങിൽ ആദരിച്ചു.

കുട്ടമശ്ശേരി കൺവെൻസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.  
ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷഫീന എം., മിൽമ എറണാകുളം റീജിയണൽ യൂണിയൻ ചെയർമാൻ വത്സലൻ പിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുക്താർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ഉമ്മുഹബീബ കുന്നത്ത്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജാക്വലിൻ ഡൊമിനിക്, ഡോ. ലീന പോൾ, എടയപ്പുറം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് പി.ബി. റോണി,
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരമേഖലയിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date