Skip to main content

മാലിന്യക്കൂമ്പാരം മാഞ്ഞു; കൈനിക്കരക്കാവിന് സമീപം ഇനി പൂന്തോട്ടം

സാമൂഹ്യവിരുദ്ധർ തുടർച്ചയായി മാലിന്യം തള്ളിയിരുന്ന കൈനിക്കര കാവിന് സമീപത്തെ സ്ഥലം ശുചീകരിച്ച് മനോഹരമായ പൂന്തോട്ടമാക്കി മാറ്റുന്ന പദ്ധതിക്ക് പായിപ്ര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കൈനിക്കരക്കാവിന് മുന്നിൽ രൂപപ്പെട്ടിരുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് നിർവഹിച്ചു.

പ്രദേശത്ത് വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെയാണ് പഞ്ചായത്ത് ഭരണസമിതി കർശന നടപടികളുമായി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മാലിന്യം തള്ളുന്നത് പൂർണമായി തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ സ്ഥലം പൂർണ്ണമായും വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചത്.

പഞ്ചായത്തിലെ മാലിന്യം തള്ളുന്ന മറ്റ് പ്രധാന സ്ഥലങ്ങളും കണ്ടെത്തി സമാനമായ രീതിയിൽ പൂന്തോട്ടങ്ങൾ ഒരുക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രസിഡന്റ് സീനത്ത് അസീസ് വ്യക്തമാക്കി. ജനപങ്കാളിത്തത്തോടെ ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായി മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം റംലാ കബീർ അധ്യക്ഷത വഹിച്ചു. എം.സി. വിനിയൻ, ബിസ്മി സലാം, റൂബി ബഷീർ, സീന നൗഷാദ്, അഖില സാബു, സ്മിത ദിലീപ്, അബ്ദുൽ കരീം, സിദ്ദിഖ് മുതിരക്കാലായിൽ, പി.എ. കബീർ തുടങ്ങിയവർ  പങ്കെടുത്തു.

date