Skip to main content

അണ്ടർ-19 സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

 

 നവംബർ 19, 20 തീയതികളിൽ ചന്ദനക്കാംപാറയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന് ഒരുക്കങ്ങൾ തുടങ്ങി 

സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദർശന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 19, 20 തീയതികളിൽ ചന്ദനക്കാംപാറയിൽ സംഘടിപ്പിക്കുന്ന അണ്ടർ-19 സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിൽ നടന്ന യോഗം പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു.

അഡ്വ. സജീവ് ജോസഫ് എം.എൽ.എ, ഫാ. നോബിൾ ഓണംകുളം, ഫാ. ജോയ് മഠത്തിമ്യാലിൽ എന്നിവർ രക്ഷാധികാരികളായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ചെയർമാനായും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു ജെയിംസ് ജനറൽ കൺവീനറായും  പി. കെ ബാലകൃഷ്ണൻ, വിജി മാത്യു എന്നിവരെ വൈസ് ചെയർമാനായും ജോസ് ഫിലിപ്പ്, ടി.പി. അഷ്റഫ് എന്നിവർ കോ-ഓർഡിനേറ്റർമാരായും ഉൾപ്പെടുത്തി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി അഞ്ഞൂറോളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നവംബർ 19-ന് ഉച്ചയ്ക്ക് 2 മണിക്ക് ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിക്കും. നവംബർ 20-ന് രാവിലെ 10 മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം.

കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്, പ്രതിനിധികളായ പ്രൊഫ. പി. രഘുനാഥ്, പ്രവീൺ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date