Skip to main content

ഇടമലക്കുടിയില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരിശീലനം: 'പടവ് 2026' പദ്ധതിക്ക് തുടക്കമായി

ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള അവസരമൊരുക്കി ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആറുമാസത്തെ പി.എസ്.സി പരിശീലന പദ്ധതിയായ 'പടവ് 2026' ന് തുടക്കമായി.
ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി    എഫ്. രാജ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനസഹായികളും എംഎല്‍എ വിതരണം ചെയ്തു.

ആദിവാസി മേഖലയിലെ യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാനും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനും സഹായകമാകുന്നതാണ് ആറുമാസത്തെ പരിശീലന പദ്ധതി.

പരിപാടിയില്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു എം. അധ്യക്ഷത വഹിച്ചു. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഹരികുമാര്‍ പി.എസ്. ലഹരിവിരുദ്ധ സന്ദേശം നല്‍കി.

 ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ ഡി.
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ, പഞ്ചായത്ത് അംഗം സെല്‍വി, പഞ്ചായത്ത് സെക്രട്ടറി സജി പീറ്റര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ധനേഷ് കെ., ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. ഷമീര്‍, ഇടമലക്കുടി പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ ഹമീദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനീഷ് എം.വി., സൊസൈറ്റി കുടികാണി ഗുരുസ്വാമി, ഊരുമൂപ്പന്‍ ബാലന്‍, ട്രൈബല്‍ പ്രമോട്ടര്‍ അനുശേഖര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ബിനുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ വി.ആര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചിത്രം: ഇടമലക്കുടിയില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സംഘടിപ്പിക്കുന്ന 'പടവ് 2026' പി.എസ്.സി പരിശീലന പദ്ധതിയുടെ ഉദ്ഘാടനം  എഫ്. രാജ എംഎല്‍എ നിര്‍വഹിക്കുന്നു

(ഐ.ഡി.കെ.പി.ആര്‍ 36/11/26)

മൊബൈല്‍ ഭക്ഷ്യ പരിശോധനാ സൗകര്യം

മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലബോറട്ടറി വാഹനം നവംബര്‍ ഒന്‍പതു മുതല്‍ 13 വരെ ഇടുക്കി സര്‍ക്കിളിലും(ഫോണ്‍:7539873302), 16 മുതല്‍ 30 വരെ പീരുമേട് സര്‍ക്കിളിലും(ഫോണ്‍: 8943346545) എത്തും. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്ന് അസിസറ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

(ഐ.ഡി.കെ.പി.ആര്‍ 37/11/26)

കെ.എല്‍.ഡി.ബിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രത്തിന് തിങ്കളാഴ്ച തറക്കല്ലിടും

കേരളത്തിലെ ക്ഷീരമേഖലയുടെ സമഗ്ര വികസനവും കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കലും ലക്ഷ്യമിട്ട് കേരള കന്നുകാലി വികസന ബോര്‍ഡ് (കെ.എല്‍.ഡി.ബി) മാട്ടുപ്പെട്ടിയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഇന്‍ ലൈവ്സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആന്‍ഡ് റിസര്‍ച്ച് (CALPR) ഗവേഷണ കേന്ദ്രത്തിന് നവംബര്‍ 9-ന് രാവിലെ 11 മണിക്ക് മൃഗസംരക്ഷണം, ക്ഷീരവികസനം, വനിതാ-ശിശു വികസനം, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തറക്കല്ലിടും. മാട്ടുപ്പെട്ടിയിലെ ഇന്‍ഡോസിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ എഫ്.രാജ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എമാരായ റോയി കെ. പാലോസ്, ഡോ. മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍,മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. സിന്ധു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

ആധുനിക ജനിതക ഗവേഷണം, ജീനോമിക് സെലക്ഷന്‍, ഭ്രൂണമാറ്റ സാങ്കേതികവിദ്യ,ഐ.വി.എഫ് തുടങ്ങിയ നൂതന പ്രജനന രീതികള്‍, തീറ്റപ്പുല്‍ വികസനം എന്നിവയ്ക്ക് കേന്ദ്രം പ്രാധാന്യം നല്‍കും. കര്‍ഷകര്‍ക്കും ഗവേഷകര്‍ക്കും പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കും.
കേരളത്തിന്റെ കാലാവസ്ഥയ്ക്കും പ്രാദേശിക സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ ജീനോമിക് സെലക്ഷന്‍, ഭ്രൂണമാറ്റ സാങ്കേതികവിദ്യ, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ഉള്‍പ്പെടെയുള്ള ആധുനിക പ്രജനന സാങ്കേതികവിദ്യകളുടെ വികസനവും ഗവേഷണ കേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖലകളായിരിക്കും. കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മേഖലയിലെ പ്രൊഫഷണലുകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്കായി ഗവേഷണ-പരിശീലന സൗകര്യങ്ങളും ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംയുക്ത ഗവേഷണ പരിപാടികളും ഒരുക്കും.
സംസ്ഥാനത്തെ കൃഷിഭൂമിയുടെ പരിമിതികള്‍ കണക്കിലെടുത്ത് അനുയോജ്യമായ തീറ്റപ്പുല്‍ ഇനങ്ങള്‍ വികസിപ്പിക്കുന്നതിനും നൂതന കൃഷിരീതികള്‍ പ്രചരിപ്പിക്കുന്നതിനും കേന്ദ്രം മുന്‍ഗണന നല്‍കും. വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഗ്രാമീണ-ഗോത്രവര്‍ഗ കര്‍ഷകര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കും പരിശീലന-ഗവേഷണ അവസരങ്ങള്‍ ഉറപ്പാക്കും.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഒ.പി.യു/ഐ.വി.എഫ്/ഇ.ടി സാങ്കേതികവിദ്യകളുടെ സംസ്ഥാനതല വിപുലീകരണ സമര്‍പ്പണം, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കെ.എല്‍.ഡി.ബി. ഫാം സോഫ്റ്റ്വെയര്‍ ലോഞ്ചിംഗ്, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധരെയും വനിതാ സ്വകാര്യ എ.ഐ. സാങ്കേതിക വിദഗ്ധരെയും ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടക്കും. ക്ഷീരമേഖലയിലെ നവീന പ്രജനന സാങ്കേതികവിദ്യകള്‍ എന്ന വിഷയത്തില്‍ പ്രായോഗിക അറിവുകളും പ്രയോജനങ്ങളും പങ്കുവെക്കുന്ന സാങ്കേതിക സെഷനും സംഘടിപ്പിക്കും.
 

date