Skip to main content
'ജില്ലാ ആശുപത്രി വികസനം; ഡിഎസ് സിയുമായി സ്ഥലം കൈമാറ്റം ചെയ്യാന്‍ നടപടി വേണം'

'ജില്ലാ ആശുപത്രി വികസനം; ഡിഎസ് സിയുമായി സ്ഥലം കൈമാറ്റം ചെയ്യാന്‍ നടപടി വേണം'

 

കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി ആശുപത്രിയോട് ചേര്‍ന്ന് ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ (ഡിഎസ്‌സി) അധീനതയിലുള്ള സ്ഥലവും റോഡിന് എതിര്‍വശത്തുള്ള ആശുപത്രി ഭൂമിയും പരസ്പരം കൈമാറ്റം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് ടി ഒ മോഹനന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം. ജില്ലാ ആശുപത്രിയുടേതായി റോഡിന് മറുവശത്തുള്ള ഒന്നരയേക്കറോളം സ്ഥലവും ആശുപത്രിയോട് ചേര്‍ന്നു കിടക്കുന്ന ഡി.എസ്.സിയുടെ ഭൂമിയും പരസ്പരം കൈമാറിയാല്‍ ആശുപത്രിയില്‍ അടിയന്തര പ്രാധാന്യമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് എംഎല്‍എ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള നടപടികള്‍ വകുപ്പ്് തലത്തില്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം അധികൃതര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. 

സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ആവശ്യമായ മ്യൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തീകരിക്കുകയും വേണം. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട സ്ഥല പരിമിതി പതിറ്റാണ്ടുകളായി തുടരുകയാണ്. ആധുനിക നിലവാരത്തിലേക്ക് ആശുപത്രിയെ ഉയര്‍ത്തണമെങ്കില്‍ കെട്ടിട സൗകര്യങ്ങളും പാര്‍ക്കിങ്ങ് സംവിധാനങ്ങളും ആവശ്യമാണ്. ഓവുചാലുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൂടുതല്‍ സ്ഥലം വേണമെന്നും ടി ഒ മോഹനന്‍ എംഎല്‍എ പറഞ്ഞു. 
സ്ഥലം കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി നടപടികളും യോഗം അവലോകനം ചെയ്തു. ജില്ലാ ആശുപത്രി അധികൃതര്‍, കന്റോണ്‍മെന്റ് ബോര്‍ഡ് പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date