Skip to main content
തലശ്ശേരി സൗത്ത് ഉപജില്ലാ കലോത്സവം; സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം

തലശ്ശേരി സൗത്ത് ഉപജില്ലാ കലോത്സവം; സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം

 

തലശ്ശേരി സൗത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കം. പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാരായി രാജന്‍ എം.എല്‍.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങളും ചെണ്ടമേള മത്സരവും കഴിഞ്ഞ വെള്ളിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു. സ്റ്റേജ് മത്സരങ്ങള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കും. സെന്റ് ജോസഫ്‌സ്, സേക്രട്ട് ഹാര്‍ട്ട്, ബി.ഇ.എം.പി, ബ്രണ്ണന്‍, ഗവ. ബ്രണ്ണന്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 3,500-ഓളം പ്രതിഭകളാണ് ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിനെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
'ലഹരിക്കെതിരെ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമായ കേരള കലോത്സവം' എന്ന മാതൃകാപരമായ സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്.

date