Skip to main content

ഗോദയൊരുങ്ങുന്നു; ചടയമംഗലം ഗുസ്തി ആവേശത്തിലേക്ക്

നവംബര്‍ 27ന് ചടയമംഗലത്തെ പേള്‍ ഓഡിറ്റോറിയത്തില്‍  14 മീറ്റര്‍ ചതുരാകൃതിയില്‍ ഗോദ ഒരുങ്ങും, ഗോദയുടെ മധ്യത്തിലെ വൃത്തത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് മത്സരാര്‍ഥികള്‍ മുന്നേറുമ്പോള്‍ കാണികള്‍   വിജഭേരി മുഴക്കും...ചരിത്രത്തിലാദ്യമായി ഗുസ്തി മത്സരത്തിന് വേദിയാകാനൊരുങ്ങുകയാണ് ചടയമംഗലം ഗ്രാമപഞ്ചായത്ത്.  
കേരള റസ്ലിംഗ്  ഫെഡറേഷനും ചടയമംഗലം ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് കുട്ടികള്‍ക്കുള്ള സംസ്ഥാനതല ഗുസ്തി മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് ഗോദകളിലായി 15 വയസ്സില്‍ താഴെയുള്ള 500 ഓളം മത്സരാര്‍ത്ഥികളാണ് ഗുസ്തിയുടെ ആവേശത്തിന് മാറ്റുകൂട്ടാനെത്തുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം മൂന്നു വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ആദ്യദിനം വനിതാ ഗുസ്തിയും രണ്ടാം ദിനം ഫ്രീ സ്റ്റേജ് ഗുസ്തിയും മൂന്നാം ദിവസം ഗ്രീക്കോ റോമന്‍ ഗുസ്തിയും അരങ്ങേറും. 29നാണ് സമാപനം. അഖിലേന്ത്യ റസ്ലിംങ്  ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി എന്‍ പ്രസൂദാണ് മാച്ച് നിയന്ത്രിക്കുക.
സംസ്ഥാനതല ഗുസ്തി മത്സരത്തിന്റെ സംഘാടക സമിതി യോഗം ചടയമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ സുദേവന്‍ യോഗം ഉദ്ഘാടനം ചെയ്തു.  മൊബൈല്‍ ഫോണുകളിലും ലഹരി മരുന്നുകളിലും അകപ്പെട്ടു പോകാതെ പുതിയ തലമുറയെ  സംരക്ഷിക്കാന്‍ സാധിക്കുക കലാ - കായിക പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
വിവിധ ജില്ലകളില്‍ നിന്ന് വരുന്ന മത്സരാര്‍ഥികള്‍ക്ക് താമസ, ഭക്ഷണം, ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് പ്രത്യേക പാനല്‍ രൂപീകരിക്കും.  പൊലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആംബുലന്‍സ് തുടങ്ങിയ മെഡിക്കല്‍ സംവിധാനങ്ങളും ഉറപ്പുവരുത്തും.  ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ടീമുകള്‍ ഇതിനായി രൂപീകരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റും സംഘാടകസമിതി വൈസ് ചെയര്‍പേഴ്‌സനുമായ  എസ് ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ ദിവ്യ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി അജയന്‍, പഞ്ചായത്ത് സെക്രട്ടറി ബി വിനോദ്, കേരള റസലിംഗ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ടൈറ്റസ് ലൂക്കോസ്, വാര്‍ഡ് അംഗം ആര്‍ എസ് ശ്യാംരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
 

date