ഇടവിട്ടുള്ള മഴയും വെയിലും: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മൺസൂൺ അവസാനിക്കുന്ന സമയം ആയതിനാൽ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യരോഗങ്ങൾ വർദ്ധിക്കാൻ ഇടയാകും. രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.
ഇടവിട്ടുള്ള മഴയും വെയിലും വരുന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുകയും കൊതുകിന്റെ സാന്ദ്രത കൂട്ടുകയും ചെയ്യും.
മഴയ്ക്കു പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ അവയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങൾ ഉരച്ചുകഴുകുകയും വേണം.
ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, ഉപേക്ഷിച്ച ടയറുകൾ, മൺപാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ, എയർ കൂളറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ആഴ്ചയിലൊരിക്കൽ 'ഡ്രൈ ഡേ' ആചരിച്ച് ഇത്തരം സാധനങ്ങൾ വൃത്തിയാക്കണം.
കുടിവെള്ള ശേഖരണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുകുകടക്കാത്ത വിധം ഭദ്രമായി മൂടിവയ്ക്കണം.
കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവലകൾ ഉപയോഗിക്കുക, കൊതുകുനിരോധന ക്രീമുകൾ പുരട്ടുക, പൂർണ്ണമായും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കുക, മാത്രമല്ല പനി കുറയാൻ കാത്തിരിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടുക.
കൊതുകിന്റെ ഉത്ഭവം തടയുന്നതിലൂടെ മാത്രമേ ഡെങ്കിപ്പനി വ്യാപനം പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കൂ. ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതിൽ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
- Log in to post comments