Skip to main content
ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികൾ അണി നിരക്കണം : മന്ത്രി എൻ. ഷംസുദ്ധീൻ

ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികൾ അണി നിരക്കണം : മന്ത്രി എൻ. ഷംസുദ്ധീൻ

ലഹരി ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തിൻ്റെയും സംസ്കാരത്തിൻ്റെയും വളർച്ചയെ മുരടിപ്പിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാർഥികൾ  അണി നിരക്കണമെന്നും പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്ററും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കുട്ടികളുടെ പാർലമെൻ്റ് മത്സരത്തിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ കൊല്ലങ്കോട് ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ കെ. സി. ശ്രേയ ഒന്നാം സ്ഥാനം നേടി. പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫായ്ഹ പ്രവീൺ രണ്ടാം സ്ഥാനവും കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ജി. ഫിദൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആയക്കാട് സി. എ. ഹയർ സെക്കൻഡറി സ്കൂളിലെ ബേസിൽ ഷിബു, മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഐ. മുഹമ്മദ് ഇഷാം, ബിഗ് ബസാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ. ചന്ദന, പുതുനഗരം മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ഫാത്തിമ സന, പല്ലാവൂർ ചിന്മയ വിദ്യാലയത്തിലെ കെ.തുഷാര  ബാബുരാജ് എന്നിവർ ആശ്വാസ സമ്മാനങ്ങൾക്ക് അർഹരായി.
വിജയങ്ങൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. മുൻ ജില്ലാ ജഡ്ജ് ടി. ഇന്ദിര, മുൻ ഡി. വൈ. എസ്. പി. വി. എസ്. മുഹമ്മദ് കാസിം, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ദീപാ ജയപ്രകാശ് എന്നിവരാണ് മത്സരത്തിൻ്റെ വിധികർത്താക്കൾ.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിശ്വാസ് വൈസ് പ്രസിഡൻ്റ് ബി. ജയരാജ് അധ്യക്ഷത വഹിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ്, എക്‌സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ സജീവൻ, അസിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസർ പി. പി. രമേശ്, എസ്. ബി. ഐ.ചീഫ് മാനേജർ കൃഷ്ണനുണ്ണി,പോലീസ് സബ് ഇൻസ്പെക്ടർമാരായ യു.മനോജ്‌,ശ്രീധരൻ,വിശ്വാസ നിയമവേദി കൺവീനർ അഡ്വ.കെ.വിജയ,വിശ്വാസ് വൈസ് പ്രസിഡൻ്റ് അഡ്വ.എൻ.രാഖി, സെക്രട്ടറി എം.ദേവദാസൻ എന്നിവർ പങ്കെടുത്തു

date