നഴ്‌സിങ് പഠനത്തിന് കുട്ടികള്‍ പുറത്തുപോകുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകള്‍ ആരംഭിക്കും: മന്ത്രി കെ മുരളീധരന്‍ *കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ എം ആര്‍ ഐ, റോട്ടെം മെഷീനുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
നഴ്സിങ് പഠനത്തിന് കുട്ടികള്‍ക്ക് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകള്‍ ആരംഭിക്കാനും നിലവിലെ കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി കെ മുരളീധരന്‍. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി സ്ഥാപിച്ച എം ആര്‍ ഐ, റോട്ടെം മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഹോസ്റ്റല്‍ സൗകര്യമില്ലാത്ത നഴ്സിങ് കോളേജുകളില്‍ പുതിയ ഹോസ്റ്റലുകള്‍ ആരംഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും ജോലി ഭാരം കുറക്കാന്‍ ഘട്ടംഘട്ടമായി അധിക തസ്തികകള്‍ സൃഷ്ടിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ ആരോഗ്യ വകുപ്പിനെ ബാധിക്കില്ല എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ പരിഹരിച്ചു സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തില്‍ ഏറ്റവും മികച്ച ചികിത്സ നല്‍കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തന്നെയാണെന്നും കഴിവുറ്റ ഡോക്ടര്‍മാരും ജീവനക്കാരും ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍ നിപ്പ രോഗം കണ്ടെത്തിയപ്പോള്‍ പിന്നീട് ഒരാളിലേക്ക് പോലും രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി മെഡിക്കല്‍ കോളേജിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളും നല്ല കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഉള്ളതിനാല്‍ അധികം വൈകാതെ കേരളത്തിലെ ഒന്നാം നമ്പര്‍ മെഡിക്കല്‍ കോളേജായി മാറാന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി തകരാറിലായിരുന്ന മെഡിക്കല്‍ കോളേജിലെ ശീതീകരണ സംവിധാനം മൂന്ന് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ബി ബി ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷനായി. പറയുന്ന കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നയാളാണ് നിലവിലെ ആരോഗ്യ മന്ത്രിയെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജിന് സര്‍ക്കാരിന്റെ മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഐസിയു യൂണിറ്റ്, ഹൈമാസ്റ്റ് ലൈറ്റ്, സര്‍ജിക്കല്‍ ലൈറ്റ് എന്നിവ സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ ആധുനിക ചികിത്സ സൗകര്യങ്ങളുള്ള മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എം ആര്‍ ഐ സ്‌കാനിങ് യൂണിറ്റ്, റോട്ടം മെഷീന്‍ എന്നിവ പ്രവര്‍ത്തനസജ്ജമാക്കിയത്. 15 കോടി രൂപ മുടക്കിയാണ് എംആര്‍ഐ സ്‌കാന്‍ സ്ഥാപിച്ചത്. 15 ലക്ഷം രൂപ മുടക്കി മെഡിക്കല്‍ കോളേജിലെ രക്തബാങ്കില്‍ പുതുതായി സ്ഥാപിച്ച റെട്ടേഷനല്‍ ത്രോംബോ ഇലാസ്റ്റോമെട്രി മെഷീന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമത്തേതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് നിലവില്‍ ഈ മെഷീനുള്ളത്
മെഡിക്കല്‍ കോളേജിലെ ഡയഗ്‌നോസ്റ്റിക് ബ്ലോക്കില്‍ വെച്ച് മന്ത്രി മെഷീനുകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാദേവി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ ഡോ. പി എസ് ഇന്ദു, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ബിനു, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ എസ് ആശ, സ്റ്റേറ്റ് ചീഫ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. പി എസ് ഷാജഹാന്‍, ഡോ. എല്‍വിന്‍ ജോസ്, ഡോ. ഡി റ്റി ദൃശ്യ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സുശീല ദേവി, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിജയന്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ
ആര്‍ എസ് അബിന്‍, ഗീത കൃഷ്ണന്‍, ശാലു വി ദാസ്, പ്രതീഷ് കുമാര്‍, അഡ്വ. ലതാ മോഹന്‍, വിനു മംഗലത്ത്, അനിതകുമാരി, കെ എസ് ബിനു, എസ് സുദീപ്, ഡോ. റീബ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments