Skip to main content

​പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2027: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

എറണാകുളം ജില്ലയിൽ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (SSR 2027) നടപടികളുടെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ കരട് വോട്ടർ പട്ടികയിൽ 12,98,031 സ്ത്രീ വോട്ടർമാരും 12,29,321 പുരുഷ വോട്ടർമാരും 26 ട്രാൻസ്ജന്റർ വോട്ടർമാരും ഉൾപ്പെടെ ആകെ 25,27,378 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്.

കരട് വോട്ടർപട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും  നവംബർ 12 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാം. ഈ കാലയളവിൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6-ഉം, വിദേശ വോട്ടർമാർക്കായി ഫോം 6A-ഉം, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾക്കായി ഫോം 7-ഉം, താമസസ്ഥലം മാറ്റം, വിവരങ്ങളിലെ തിരുത്തൽ, എപിക് കാർഡ് മാറ്റി ലഭിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഫോം 8-ഉം സമർപ്പിക്കാവുന്നതാണ്.

അർഹരായ വോട്ടർമാർക്ക് voters.eci.gov.in എന്ന വോട്ടർ സർവീസ് പോർട്ടൽ മുഖേനയോ ECINET മൊബൈൽ ആപ്പ് മുഖേനയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഇതിനായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഓഫീസർമാരുടെയും സഹായം തേടാവുന്നതാണ്. കൂടാതെ, വില്ലേജ് തലത്തിൽ ഒക്ടോബർ 15-ന് ആരംഭിച്ച സ്പെഷ്യൽ എൻറോൾമെന്റ് ഡ്രൈവ് ഡിസംബർ 11 വരെ തുടരുന്നതാണ്. ഡിസംബർ 28 നുള്ളിൽ  ലഭിക്കുന്ന അവകാശവാദങ്ങളും ആക്ഷേപങ്ങളും പരിശോധിച്ച് തീർപ്പാക്കും. തുടർന്ന് 2027 ജനുവരി 4-ന് എല്ലാ നടപടികളും പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.

date