Skip to main content

ജനനി പദ്ധതി: 100 കുരുന്നുകളുടെ സ്‌നേഹസംഗമം നവംബര്‍ 14-ന്

ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവര്‍ സംയുക്തമായി നടപ്പാക്കുന്ന 'ജനനി' വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ സന്താനഭാഗ്യം ലഭിച്ച ദമ്പതികളുടെ സംഗമം നവംബര്‍ 14-ന് നടക്കും. 'വീണ്ടും 100 കുരുന്നുകളുടെ സ്‌നേഹസംഗമം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ ഒന്‍പത് മുതല്‍ മലപ്പുറം കാട്ടുങ്ങല്‍ റീജന്‍സി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക.

മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി പദ്ധതി വഴി സൗജന്യവും ചെലവുകുറഞ്ഞതുമായ ചികിത്സയിലൂടെ കുഞ്ഞുങ്ങളുണ്ടായ നൂറ് ദമ്പതിമാരെയാണ് സംഗമത്തില്‍ ആദരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. പി. സുമേഷ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. ജമീലത്ത്, ജനനി ജില്ലാ കണ്‍വീനര്‍ ഡോ. എസ്. മഞ്ജു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റിനീഷ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്ന് മജീഷ്യന്‍ ഉണ്ണിമൊയ്തീന്‍ ആമയൂര്‍ അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കും.

date