Skip to main content

ഡിജിറ്റൽ സയൻസ് പാർക്ക് ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

*നിർമാണോദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് ഫോറിൽ നിർമിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്ക് സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപമാകുമെന്ന് ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഡിജിറ്റൽ സയൻസ് പാർക്ക് നിർമാണോദ്ഘാടനം ടെക്നോപാർക്ക് ഫേസ് വൺ സി-ഡാക് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

 കേരളത്തിന്റെ സാങ്കേതിക രംഗത്തെ പ്രധാന നാഴികക്കല്ലാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ഐ.ടി. രംഗത്ത് മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ ആദ്യ ടെക്നോപാർക്ക് കേരളത്തിലാണ് സ്ഥാപിച്ചത്. തുടർന്ന് കൊച്ചിയിൽ ഇൻഫോപാർക്കും കോഴിക്കോട്ട് സൈബർപാർക്കും വന്നു. വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, മാനവവിഭവശേഷി എന്നിവയിലെല്ലാം കേരളത്തിന് വലിയ കരുത്തുണ്ട്. പ്രത്യേക സ്റ്റാർട്ടപ്പ് നയം കൊണ്ടുവന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 10,000 ത്തിലധികം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് ഇന്നുണ്ട്. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനപ്പുറം പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ഘട്ടത്തിലേക്ക് കേരളം കടന്നു. സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് ഒരുമിച്ച് പ്രവർത്തിക്കാനാകുന്ന പൊതുവേദിയാണ് ഡിജിറ്റൽ സയൻസ് പാർക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

 ടെക്നോപാർക്ക് ഫേസ് ഫോറിൽ 13.59 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്. 1,515 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഗവേഷണം, സാങ്കേതികവിദ്യ, വ്യവസായം, സംരംഭകത്വം എന്നിവയെ ഒരുമിപ്പിക്കുന്ന കേന്ദ്രമായാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഗവേഷണത്തിനും വികസനത്തിനുമായി ലോകോത്തര സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ അക്കാദമിക സാങ്കേതിക മേൽനോട്ടം ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വഹിക്കും. കിൻഫ്രയ്ക്കാണ് നിർവഹണ ചുമതല. ഡിജിറ്റൽ ഗവേഷണത്തിന്റെയും  നവീകരണത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ വളർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഡിജിറ്റൽ സയൻസ് പാർക്കിലൂടെ യാഥാർത്ഥ്യമാകുന്നത്.

വി മുരളീധരൻ എംഎൽഎ, ഐടി വകുപ്പ് സ്പെഷ്യൻ സെക്രട്ടറി എസ് സുഹാസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ സജി ഗോപിനാഥ്, നഗരസഭാഗം സുനിൽകുമാർ, കിറ്റ്ഫ്ര മാനേജിംഗ് ഡയറക്ടർ സ്നേഹിൽ കുമാർ, ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരിശങ്കർ രാധാകൃഷ്ണൻ, ഐഐഐടിഎംകെ ഡയറക്ടർ അലക്സ് ജയിംസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാർ മുജീബ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4765/2026

date