Skip to main content

പ്രകൃതികൃഷി പരിശീലനം സംഘടിപ്പിച്ചു

 

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രകൃതികൃഷി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് കെ സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ ടി രശ്മി അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ പത്മനാഭന്‍ ക്ലാസെടുത്തു.

പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 70 കര്‍ഷകരുടെ 100 ഏക്കര്‍ സ്ഥലത്ത് പ്രകൃതികൃഷി പദ്ധതി നടപ്പാക്കും. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി കൃഷിയിടങ്ങളില്‍ ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതിയാണ് പ്രകൃതികൃഷി. ചാണകം, ഗോമൂത്രം, പ്രകൃതിദത്ത സസ്യങ്ങളുടെ സത്ത് എന്നിവ ഉപയോഗിച്ചുള്ള ജൈവക്കൂട്ടുകളാണ് ഇതിന്റെ അടിസ്ഥാനം. ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനും മണ്ണിന്റെ ആരോഗ്യവും ജൈവവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനും ഈ കൃഷിരീതി സഹായിക്കും.

ക്ഷേമകാര്യ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എന്‍  ഗോപി, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ കെ  മനോജ് കുമാര്‍,കെ വിജേഷ് , ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

date