Skip to main content
സഹകരണമേഖലയിലെ ഉന്നത വിദ്യാഭ്യാസം; മാടായി കോളേജ് മാതൃക-മന്ത്രി റോജി എം ജോണ്‍

സഹകരണമേഖലയിലെ ഉന്നത വിദ്യാഭ്യാസം; മാടായി കോളേജ് മാതൃക-മന്ത്രി റോജി എം ജോണ്‍

 

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് മാടായി സഹകരണ കോളേജ് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.  മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടാമത് ബിരുദദാനച്ചചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക എയിഡഡ് കോളേജാണിത്. പയ്യന്നൂര്‍ കോപ്പറേറ്റീവ് എജ്യക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ 1982ല്‍ തുടങ്ങിയ ഈ കലാലയം ഇന്ന് നാക് അക്രഡിറ്റേഷനുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. നാടിന്റെ വിദ്യാഭ്യാസ വിപ്ലവത്തില്‍ നാഴികല്ലാണിതെന്നും മന്ത്രി പറഞ്ഞു. അറിവിലുള്ള നിക്ഷേപമാണ് ഇക്കാലത്തെ ഏറ്റവും വലിയ സമ്പാദ്യം. ഇതിനായുള്ള സൗകര്യം ഒരുക്കുകയെന്നത് ചെറിയ കാര്യമല്ല. ഇക്കാലയളവില്‍ ഈ കലാലയം നാടിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഒട്ടനവധി പേരുടെ പ്രതീക്ഷയും കഠിനാധ്വാനവുമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. 

എട്ട് ബാച്ചുകളില്‍ നിന്നുള്ള 120 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ മന്ത്രി റോജി എം.ജോണ്‍ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സ്വപ്ന ആന്റണി അദ്ധ്യക്ഷത വഹിച്ചു. 
മാടായി കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്  പ്രസിഡന്റും മാനേജറുമായ എം.കെ.രാഘവന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. മാറുന്ന കാലത്തിനും മുന്നേ നടക്കാന്‍ കലാലയങ്ങള്‍ക്ക് കഴിയണമെന്നും ഇതിന് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ ഇവിടെ തന്നെ പഠിക്കാന്‍ തക്കവണ്ണം സാഹചര്യങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പി.പി.ബാലന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്‍.കെ.രജിത, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.എം.ഉവൈസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.ഷിജിത്ത്, കോളേജ് യൂണിയന്‍ പ്രതിനിധി അഹമ്മദ് യാസിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date