ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് നവംബർ 22ന് പോളിയോ തുള്ളിമരുന്ന് നൽകും
ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,61,529 കുട്ടികൾക്ക് നവംബർ 22ന് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. ഇതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.
ജില്ലയിൽ 1,881 പൾസ് പോളിയോ ബൂത്തുകൾ സജ്ജീകരിക്കും. യാത്രക്കാരായ കുട്ടികൾക്ക് തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി 40 ട്രാൻസിറ്റ് ബൂത്തുകളും 32 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതിനായി പ്രത്യേക ടീമുകളെയും നിയോഗിക്കും. അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രതിരോധ മരുന്ന് ഉറപ്പാക്കുന്നതിനായി മൈഗ്രന്റ് സൈറ്റുകൾ കണ്ടെത്തി പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
2014ൽ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇപ്പോഴും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നവംബർ 22ന് അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും അടുത്തുള്ള പോളിയോ ബൂത്തുകളിലെത്തിച്ച് തുള്ളിമരുന്ന് നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ ഷാഹിർ ഷാ , ഡെപ്യൂട്ടി ഡിഎംഒ ഡോ. ആരതി കൃഷ്ണൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആയുഷ്, ഐഎസ്എം, വനിതാ ശിശു വികസന വകുപ്പ്, പൊലീസ് , മെഡിക്കൽ കോളേജ്, തൊഴിൽ വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിവർ പങ്കെടുത്തു.
- Log in to post comments