സഹകരണ വാരാഘോഷത്തിന് ഇന്ന് തുടക്കം
എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . എറണാകുളം കളമശ്ശേരി സംറ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ രാവിലെ 9.30 ന് സഹകരണ സംഘം രജിസ്ട്രാർ അനു എസ് നായർ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ഇ അബ്ദുൽ ഗഫൂർ, റോജി എം ജോൺ, അനൂപ് ജേക്കബ് എന്നിവരും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വാഗതം ആശംസിക്കും.
സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നായി 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ജവഹർലാൽ നെഹ്റുവിന്റെ സഹകരണ മേഖലയിലെ സംഭാവനകളെക്കുറിച്ചും കേരളത്തിന്റെ സഹകരണ മേഖലയെക്കുറിച്ചുമുള്ള സെമിനാറുകളും ചർച്ചകളും നടക്കും.
സംസ്ഥാന വ്യാപകമായി സർക്കിൾ സഹകരണ യൂണിയനുകളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സഹകരണ വാരാഘോഷ പരിപാടികൾ നടക്കും. ഇതിനോടനുബന്ധിച്ച് സഹകരണ മേഖലയുടെ വളർച്ചയെ ആസ്പദമാക്കി വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി വിളംബര ജാഥകൾ, ഘോഷയാത്രകൾ, വിദ്യാർഥികൾക്കായുള്ള പ്രസംഗ, പ്രബന്ധ രചനാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബർ 20 ന് രാവിലെ 10 മണിക്ക് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മുതിർന്ന സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവകേരളവും സഹകരണ മേഖലയും, ജവഹർലാൽ നെഹ്റുവും സഹകരണ പ്രസ്ഥാനവും എന്നീ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വാഗതം ആശംസിക്കും. വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കാഞ്ഞങ്ങാട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും.
- Log in to post comments