ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ശിശുദിനാഘോഷവും റാലിയും
*കുട്ടികളുടെ വളർച്ചയ്ക്കും അവകാശങ്ങൾക്കും സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ശിശുദിനാഘോഷങ്ങളും റാലിയും വർണ്ണാഭമായ പരിപാടികളോടെ നടന്നു. പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ശിശുദിന ഘോഷയാത്രയിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്നു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സന്നിഹിതയായിരുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, ആകർഷകമായ നിശ്ചലദൃശ്യങ്ങൾ, ബാൻഡ് മേളം, ചാച്ചാ നെഹ്റുവിന്റെ വേഷമണിഞ്ഞ കുരുന്നുകൾ എന്നിവ റാലിക്ക് മാറ്റുകൂട്ടി. ഘോഷയാത്ര കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപിച്ചു. മന്ത്രി ബിന്ദു കൃഷ്ണയും കുട്ടികളുടെ റാലിയെ അനുഗമിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനു വളർച്ചയ്ക്കും അവകാശങ്ങൾക്കും പൂർണ പിന്തുണ സംസ്ഥാന സർക്കാർ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ശിശു ദിന സന്ദേശത്തിൽ പറഞ്ഞു. നല്ല മനുഷ്യരായി വളരാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കി കൊടുക്കും. ഇന്റർനെറ്റിന്റെയും ലഹരിയുടെയും ചതിക്കുഴികളിൽ പെടാതെ സൂക്ഷിക്കണമെന്ന് മന്ത്രി കുട്ടികളെ ഉപദേശിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കപ്പെട്ടത്. പ്രസംഗ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രധാനമന്ത്രി നഫീസ സൻഹ ടി എസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും കുട്ടികളുടെ പ്രസിഡന്റ് ആദ്യ പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സമിതി സംഘടിപ്പിച്ച 'വർണോത്സവം 2026' കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും 2026-27 വർഷത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു.
തിരുവനന്തപുരം മേയർ വി വി രാജേഷ്, വി ജോയ് എം എൽ എ, വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി തുടങ്ങിയവർ പങ്കെടുത്തു. അമ്മതൊട്ടിലിന്റെ ദൃശ്യാവിഷ്കാരം ചടങ്ങിന് മാറ്റ് കൂട്ടി. സംസ്ഥാനതല പരിപാടികൾക്ക് പുറമെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ശിശുദിന റാലികളും പൊതുസമ്മേളനങ്ങളും നടന്നു.
പി.എൻ.എക്സ്. 4787/2026
- Log in to post comments