Skip to main content

വനിതാരത്‌നം പരുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  14 മേഖലകളിലെ സേവനങ്ങള്‍ക്ക് വനിതാ-ശിശുവികസന വകുപ്പാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.  സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണം, നിയമം, കല, ആരോഗ്യം, മാധ്യമം, കായികം, അഭിനയം, വനിതാശാക്തീകരണം, ലളിതകലകള്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.  തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ചെയ്തിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹൃസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ വനിത-ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം.  അവാര്‍ഡ് തുകയായി ഓരോ മേഖലയിലും മൂന്ന് ലക്ഷം രൂപ വീതവും ട്രോഫിയും പ്രശസ്തിപത്രവും നല്‍കും.  മുമ്പ് ഒരുമേഖലയില്‍ പരുസ്‌കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്തുതന്നെ പുരസ്‌കാരം വീണ്ടും നല്‍കുന്നതല്ല.  അവാര്‍ഡിനുള്ള വിശദവിവരങ്ങള്‍ വനിത-ശിശുവികസന വകുപ്പിന്റെ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ജില്ലാ വനിത-ശിശുവികസന ഓഫീസിലും പ്രോഗ്രാം ഓഫീസിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 166/2019)

 

date