Skip to main content

പൂന്താനം സാഹിത്യോത്സവത്തിന് ഇന്ന് തിരി തെളിയും

പൂന്താനം സാഹിത്യോത്സവത്തിന് കീഴാറ്റൂര്‍ പൂന്താനം സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് (ഫെബ്രുവരി ഒന്‍പത്) തിരിതെളിയും. രണ്ടുദിവസങ്ങളിലായി നടക്കുന്ന വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം. ഉമ്മര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പൂന്താനം കവിതാ അവാര്‍ഡ് പ്രഖ്യാപിക്കും. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ.് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അവാര്‍ഡ് സമര്‍പ്പിക്കും.
 കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി.കെ നാരായണന്‍ പൂന്താനം സ്മാരക പ്രഭാഷണം നടത്തും. സപ്ലിമെന്റ് പ്രകാശനം പി. പി വാസുദേവനും, ചിത്ര പ്രദര്‍ശന ഉദ്ഘാടനം വി. ശശികുമാറും പുസ്തകോത്സവം ഉദ്ഘാടനം പാലക്കീഴ് നാരായണനും സാഹിത്യ മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം വി. ബാബുരാജും നിര്‍വ്വഹിക്കും. രാവിലെ 9.30ന് കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീദ മണിയാണി അധ്യക്ഷത വഹിക്കും. രാത്രി 7.30 ന് കവി കടമ്മനിട്ട രാമകൃഷ്ണന്റെ 'കിരാതം' ഇതിവൃത്തമാക്കി കേരള കലാമണ്ഡലത്തിലെ 60 ല്‍ പരം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത ഫ്യൂഷന്‍ ' അണ്ടര്‍ ദ ട്രീ ' അരങ്ങേറും. 10 ന് രാവിലെ 9.30ന് സാഹിത്യ സമ്മേളനം പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. സ്മിതാ മേനോന്‍ രചിച്ച ലേഖന സമാഹാരം ' ആരോഗ്യ ജാലക ' വും സ്പീക്കര്‍ പ്രകാശനം ചെയ്യും. പ്രൊഫ. എം. എം നാരായണന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ബവ ചെല്ല ദുരൈ വിശിഷ്ടാതിഥിയാവും. എം എന്‍ കാരശ്ശേരി, കരിവെള്ളൂര്‍ മുരളി , തനൂജ ഭട്ടതിരി, പി കെ പാറക്കടവ്  എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷം 2.30 ന് കവിസദസ്സ് പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യും. പി.കെ ഗോപി അധ്യക്ഷത വഹിക്കും. മുരുകന്‍ കാട്ടാക്കട, പി.പി ശ്രീധരനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, പി. രാമന്‍, പി.പി രാമചന്ദ്രന്‍, ആര്യാ ഗോപി തുടങ്ങി ഇരുപത് കവികള്‍ കവിത അവതരിപ്പിക്കും.
വൈകീട്ട് 5.30 ന് സമാപന സമ്മേളനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ.പി അനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കെ എന്‍ എ ഖാദര്‍ എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.വി മോഹന്‍ദാസ് തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. ഏഴിന് മുരളി കീഴാറ്റൂരും സംഘവും 'ശ്രീരാമ പട്ടാഭിഷേകം' നൃത്ത ശില്പം അവതരിപ്പിക്കും. രാത്രി 8 ന് കലാഭവന്‍ അനില്‍കുമാര്‍, പ്രശസ്ത സിനിമാ- ടി വി താരം ഹരിശ്രീ യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഹാസ്യ സംഗീത പരിപാടി ഒരുക്കും.

 

date