Skip to main content

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ജില്ലാതല  പ്രീമാരിറ്റല്‍ കോഴ്‌സും കുടുംബസംഗമവും

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച പ്രീമാരിറ്റല്‍ കോഴ്‌സ്‌ സമാപിച്ചു. കോഴ്‌സ്‌ പൂര്‍ത്തിയാക്കിയവരുടെ ജില്ലാതല സമാപനസമ്മേളനവും കുടുംബസംഗമവും സര്‍ട്ടിഫിക്കറ്റ്‌ വിതരണവും കൊടുങ്ങല്ലൂര്‍ ചേരമാന്‍ മാലിക്‌ മന്‍സില്‍ ഓര്‍ഫനേജ്‌ ഹാളില്‍ അഡ്വ. വി. ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കോഴ്‌സ്‌ പൂര്‍ത്തിയാക്കിയവരുടെ കുടുംബാംഗങ്ങള്‍ക്കായി സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഇത്തരത്തില്‍ കുടുംബസംഗമം നടത്തുന്നത്‌. ന്യൂനപക്ഷക്ഷേമവകുപ്പ്‌ കേരളത്തിലുടനീളം ന്യൂനപക്ഷ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച പ്രീമാരിറ്റല്‍ കോഴ്‌സിന്റെ ഇരുപത്‌ ബാച്ചാണ്‌ തൃശൂര്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. ജില്ലയിലെ കൗണ്‌സലിംഗ്‌ സെന്ററുകളായ കൊടുങ്ങല്ലൂര്‍ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം(സി.സി.എം.വൈ), പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്‌ അസ്‌മാബി കോളേജ്‌, പെരുമ്പിലാവ്‌ അന്‍സാര്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ എന്നിവടങ്ങളില്‍ വിജയകരമായി കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ പഠിതാക്കളും കുടുംബാംഗങ്ങളുമാണ്‌ പരിപാടിയില്‍ പങ്കെടുത്തത്‌. കൊടുങ്ങല്ലൂര്‍ സി.സി.എം.വൈ.യില്‍ പഠിച്ച്‌ ജോലി നേടിയവരെയും പി.എച്ച്‌. ഡി കരസ്ഥമാക്കിയവരെയും അനുമോദിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി. കെ. ഹനീഫ മുഖ്യാതിഥി യായി. അഡ്വ.എം.കെ. ഹക്ക്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. എ.ബി. മൊയ്‌തീന്‍കുട്ടി, കൊടുങ്ങല്ലൂര്‍ നഗരസഭ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.എസ്‌.കൈസാബ്‌, ചേരമാന്‍ ജുമാമസ്‌ജിദ്‌ മഹല്ല്‌ പ്രസിഡന്റ്‌ ഡോ.പി.എ. സെയ്‌തുമുഹമ്മദ്‌, സെക്രട്ടറി അബ്ദുള്‍ ഖയ്യൂം, ഖത്തീബ്‌ സൈഫുദ്ദീന്‍ അല്‍ഖാസിമി,കൊടുങ്ങല്ലൂര്‍ സി.സി.എം.വൈ പ്രിന്‍സിപ്പല്‍ ഡോ.കെ.കെ. സുലൈഖ എന്നിവര്‍ പങ്കെടുത്തു.
 

date