മണ്ണ്-ജല സംരക്ഷണം: ജില്ലയിൽ കയർഭൂവസ്ത്രം വിരിച്ചത് 1,34,015 ചതുരശ്ര മീറ്ററിൽ
ജില്ലയിൽ ലക്ഷ്യമിടുന്നത് 6.56 ലക്ഷം ചതുരശ്ര മീറ്റർ
മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്ന പദ്ധതി പ്രകാരം ജില്ലയിൽ ഇതിനകം 1,34,015 ചതുരശ്രമീറ്ററിൽ കയർ ഭൂവസ്ത്ര വിതാനം പൂർത്തീകരിച്ചു. കയർ വികസനവകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജില്ലയിലെ 50 ലേറെ തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹരിതകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന കാർഷിക-ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്ന പദ്ധതി ഒരു വർഷം മുമ്പാണ് ജില്ലയിൽ ആരംഭിച്ചത്. ഇതിനായി ജില്ലയിലെ പഞ്ചായത്തുകൾ ആറു കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ജില്ലയിൽ പദ്ധതിക്കാവശ്യമായ കയർ ഭൂവസ്ത്രം ലഭ്യമാക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കയർ ഫെഡാണ്. സംസ്ഥാന തലത്തിൽ 100 കോടിയുടെ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നത്.
മണ്ണിടിച്ചിൽ തടയാൻ കോൺക്രീറ്റിനു പകരമായാണ് കയർ ഭൂവസ്ത്രം ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഭിത്തി ഉറപ്പിക്കുന്നത്. കയർ വസ്ത്രം പിടിച്ചുനിർത്താൻ മുളയാണികളാണ് ഉപയോഗിക്കുക. ഇതിനുമുകളിൽ ഓരോ പ്രദേശത്തും അനുയോജ്യമായ പുല്ലോ ചെടിയോ നട്ടുപിടിപ്പിക്കും. തോടുകൾ, നീർച്ചാലുകൾ, കുളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ചരിവുപ്രദേശത്തെ കൃഷി, ബണ്ട് നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കും കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തോടൊപ്പം കയർ വ്യവസായത്തെ ശക്തിപ്പെടുത്തുക കൂടിയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാനും പദ്ധതി സഹായകമാവുന്നുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ 10 കോടി രൂപയുടെ പ്രവൃത്തികളാണ് ജില്ലയിൽ ലക്ഷ്യമിടുന്നത്.
ചെറുകുന്ന് പഞ്ചായത്തിലെ മുട്ടിൽ-പള്ളിക്കര പട്ടികജാതി കോളനിയിലെ കൃഷിസ്ഥലത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള ബണ്ട് നിർമിച്ചാണ് പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ടത്. 64 പഞ്ചായത്തുകളിലായി 6,55,777 ചതുരശ്ര മീറ്റർ സ്ഥലത്ത് കയർ ഭൂവസ്ത്രം വിരിക്കാനാണ് ലക്ഷ്യമിടുന്നത്.
2017ൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം വിരിച്ച പട്ടുവം പഞ്ചായത്ത് സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ അവാർഡിന് അർഹമായിരുന്നു. 76920 ചതുരശ്രമീറ്ററിൽ പദ്ധതി നടപ്പിലാക്കാനാണ് പട്ടുവം പഞ്ചായത്ത് കരാറിലേർപ്പെട്ടിരിക്കുന്നത്. 2018ൽ 10080 സ്ക്വയർ മീറ്ററിൽ പദ്ധതി പൂർത്തീകരിച്ച അഴീക്കോട് ഗ്രാമ പഞ്ചായത്തായിരുന്നു ഏറ്റവും മുന്നിൽ. മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കടപ്പുറത്തേക്കുള്ള യാത്ര സുഗമമാക്കുന്ന രീതിയിൽ നടപ്പാതകൾ കയർ ഭൂവസ്ത്രം വിതാനിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇവയിൽ പ്രധാനം. ഇവിടെ ആകെ 64200 സ്ക്വയർ മീറ്ററിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കരിവെള്ളൂർ (11000), കാങ്കോൽ ആലപ്പടമ്പ് (7600), കുറുമാത്തൂർ (7420), എരമം കുറ്റൂർ (7400) തുടങ്ങിയ പഞ്ചായത്തുകളും ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ജില്ലയിൽ പദ്ധതി നടപ്പാക്കുന്ന മുഴുവൻ പഞ്ചായത്തുകളിലും പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ പ്രൊജക്ട് ഓഫീസർ അറിയിച്ചു.
- Log in to post comments