ജൈവവൈവിധ്യ സംരക്ഷണത്തിന് നൂതന പദ്ധതികളുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
വികസന പ്രവര്‍ത്തനങ്ങളില്‍ വേറിട്ട കാഴ്ചപ്പാടോടുകൂടിയാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതികള്‍ ഏറെയും മികവുറ്റതായതുകൊണ്ടുതന്നെയാണ് കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്കായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടതും. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്ന സുന്ദരം സുസ്ഥിരം ഹരിതാഭം പദ്ധതിയിലൂടെ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്ക് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചിന പരിപാടിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ഓരോ തുള്ളിയും കരുതലോടെ, ഹരിതാഭം, വീടും നാടും ശുദ്ധി, നാട്ടുമാവിന് ചുന നാട്ടുമണം, കരുതിയെടുക്കാം ഊര്‍ജ്ജം എന്നിങ്ങനെ അഞ്ചു പരിപാടികളാണ് ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി മുന്നോട്ട് വെക്കുന്നത്. മലബാര്‍ ബോട്ടാണിക്കല്‍ ഗാര്ഡന്, കുടുംബശ്രീ മിഷന്, വനം പരിസ്ഥിതി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഹരിതകേരള മിഷന്റെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹരിതഭവനം പദ്ധതി നടപ്പാക്കുകയാണ്. ഒരു ഗുണഭോക്തൃ പ്രദേശം തെരഞ്ഞെടുത്ത് മാലിന്യ സംസ്കരണം, വാട്ടര്‍ റീചാര്‍ജ്ജിങ്, ജൈവ കൃഷി, ഫലവൃക്ഷ തൈകള്‍, കോഴി വളര്‍ത്തല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഓരോ വീട്ടിലും മാതൃകാപരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതഭവനം. ടൂറിസം മേഖലയുടെ പുരോഗതിക്കുതകുന്ന പ്രവര്‍ത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ടൂറിസം വികസന സാധ്യതകള്‍ക്ക് തുടക്കം കുറിക്കുകയാണ് ജലായനം ടൂറിസം പദ്ധതി. ചാലിയാര്‍, മാമ്പുഴ, ചെറുപുഴ തുടങ്ങിയ മൂന്ന് പുഴകള്‍ ഒഴുകുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ഉത്തരവാദ ടൂറിസത്തിന്റെ പിന്തുണയോടെ പ്രദേശവാസികള്‍ക്ക് സാമ്പത്തിക സാമൂഹിക വികസനം ലക്ഷ്യമിടാന്‍ പദ്ധതിയ്ക്ക് സാധിക്കും. പരിസ്ഥിതി സൗഹൃദവും ജൈവസംരക്ഷണത്തിലൂന്നിയതുമായ ടൂറിസം വികസനമാണ് രണ്ടുപഞ്ചായത്തിലും നടപ്പിലാക്കാന്‍ കഴിയുന്നത്.
മത്സ്യകൃഷി ഉള്‍പ്പെടെ ആധുനിക കാര്‍ഷിക രീതികള്‍, സംയോജിക ഫാം വികസനം, ജല വിനോദ മാര്‍ഗങ്ങള്‍, പരമ്പരാഗത നാടന്‍ ഭക്ഷണ വിഭവങ്ങള്‍ എന്നിവയൊരുക്കുന്ന ടൂറിസം ശൃംഖല വികസിപ്പിക്കുന്നുവെന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃക, ഇത് പിന്തുടര്ന്ന് ഫാം ആന്റ് അക്വാട്ടിക് ടൂറിസം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബ്ലോക്ക് വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ്, ഫാം ആന്റ് അക്വാട്ടിക് ടൂറിസം എന്നിവയെ പ്രാദേശിക ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭകരെ ഉള്‍പ്പെടുത്തികൊണ്ട് അവരുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഒരു പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി ഭംഗിയും ഭൂമിയുടെ സന്തുലിതാവസ്ഥയും നിലനിര്‍ത്തിക്കൊണ്ടാണ് ഈ മൂന്ന് പദ്ധതികളും നടപ്പിലാക്കി വരുന്നത്.
- Log in to post comments