കൊടുവള്ളി ജിഎംഎല്‍പി സ്‌കൂള്‍ ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ക്യാമ്പസ്; പ്രഖ്യാപനം ഇന്ന്
ഭൗതിക സാഹചര്യമടക്കമുള്ള വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൊടുവള്ളി ജിഎംഎല്‍പി സ്‌കൂള്‍ ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ക്യാമ്പസായി മാറും. ആകെയുള്ള 16 ക്ലാസ് മുറികളില്‍ ബാക്കിയുള്ള 13 ക്ലാസുകള്‍ കൂടിയാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കാരാട്ട് റസാക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ ആകെ 16 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതില്‍ മൂന്ന് ക്ലാസുകള്‍ നേരത്തെ ഡിജിറ്റല്‍ ക്ലാസ് മുറികളാക്കിയിരുന്നു. ബാക്കിയുള്ള 13 ക്ലാസ് മുറികള്‍ ഡിജിറ്റലാക്കുന്നതോടെ സ്‌കൂള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ ക്യാമ്പസായി മാറും. പ്രൊജക്ടര്‍, ലാപ്‌ടോപ്, ശബ്ദസംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുക. സമ്പൂര്‍ണ ഡിജിറ്റല്‍ ക്യാമ്പസ് പ്രഖ്യാപനവും പഠനോത്സവ ഉദ്ഘാടനവും ഇന്ന്(ഫെബ്രുവരി 13) കാരാട്ട് റസാക്ക് എംഎല്‍എ നിര്‍വഹിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ അധ്യക്ഷത വഹിക്കും.
- Log in to post comments