മഞ്ചേരി സ്പോര്‍ട്സ് കോംപ്ലക്സ് പുതുമോടിയിലേക്ക്; 4.01 കോടി രൂപയുടെ ഫ്ളഡ്ലൈറ്റ് സ്ഥാപിക്കും
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ചേരി സ്പോര്‍ട്സ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട വികസനം ഉടന്‍ തുടങ്ങും. ഇന്‍ഡോര്‍ സ്റ്റേഡിയം, ക്രിക്കറ്റ് സ്റ്റേഡിയം,ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, കബഡി കോര്‍ട്ട്, അത്ലറ്റിക്സ് പരിശീലന ഗ്രൗണ്ട്, അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളം, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാരംഭ പ്രവര്‍ത്തനങ്ങളായ സര്‍വേ ജോലികള്‍, മണ്ണ് പരിശോധന എന്നിവ നടന്നു കൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ്ലൈറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തിയും ഇതോടൊപ്പം നടക്കും. 4,01,30,216 രൂപ ചെലവിലാണ് ഫ്ളഡ്ലൈറ്റ് സ്ഥാപിക്കുന്നത്. ഗ്രൗണ്ടിലെ പുല്ല് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 20 ലക്ഷമാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചിട്ടുള്ളത്.
മഞ്ചേരിയില്‍ വാടകയ്ക്ക് പ്രവൃത്തിക്കുന്ന കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍ അടുത്ത അധ്യായനവര്‍ഷം മുതല്‍ ജില്ലാസ്പോര്‍ട്സ് കോംപ്ലക്സിലേക്ക് മാറ്റും. നിലവിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികളും പ്ലംബ്ലിങ് പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശീലനത്തിനായി രണ്ട് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകളുടെയും ഒരു കബഡി കോര്‍ട്ടിന്റെയും നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. 76,29,864 രൂപയാണ് ഈ പ്രവൃത്തിക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
പൊന്നാനി കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍ ജില്ലയുടെ കായിക രംഗത്തെ മറ്റൊരു കുതിപ്പാണ്. കനോയിങ് - കയാക്കിങ്, കബഡി എന്നീ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിച്ച് പരിശീലനം നല്‍കുന്ന സ്ഥാപനം കേരളത്തിലെ മികച്ച പരിശീലന കേന്ദ്രമാണ്. 2017 ജൂലൈയില്‍ ആരംഭിച്ച സ്ഥാപനത്തില്‍ 29 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 20 പേര്‍ കബഡിയിലും ഒമ്പത് പേര്‍ കനോയിങ് - കയാക്കിങിലും പരിശീലനം നേടി വരുന്നു.
- Log in to post comments