Skip to main content

മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയത്തിന്റെയും ഫിഷിംഗ് ഹാര്‍ബറിന്റെയും തറക്കല്ലിടല്‍ ഫെബ്രുവരി 20 ന്

കേരളക്കര കണ്ട രണ്ട് വലിയ ദുരന്തങ്ങളിലൂടെ കടന്ന് പോയ കടലിന്റെ മക്കള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവലയത്തില്‍ സുരക്ഷിതരാണ്. ഓഖിയുടെ ദുരന്തങ്ങളില്‍ നിന്ന് കരകയറുന്നതിനും മുമ്പേ  നേരിടേണ്ടി വന്ന പ്രളയവും കൂടി  ജില്ലയിലെ തീരദേശ മേഖലയെ കൂടുതല്‍ ദുരിതാവസ്ഥയിലായി. ഈ ഘട്ടത്തിലാണ് കൂടുതല്‍ സുരക്ഷാ പദ്ധതികളുമായി മത്സ്യമേഖലക്ക്  പുത്തന്‍ ഉണര്‍വേകാന്‍   വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട   പ്രശ്നങ്ങള്‍ക്ക്  ശാശ്വത പരിഹാരമായി പൊന്നാനി ഹാര്‍ബര്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ ഇവര്‍ക്കായി പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുകയാണ്. മുട്ടത്തറ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ   തറക്കല്ലിടല്‍ ഫെബ്രുവരി 20 ന് മൂന്ന് മണിയ്ക്ക്  ഫിഷറീസ് മന്ത്രി  ജെ.മേഴ്സികുട്ടിയമ്മ നിര്‍വ്വഹിക്കും. കൂടാതെ മത്സ്യത്തൊഴിലാളികളുടെ ചിരകാല  സ്വപ്നമായ  പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ തറക്കല്ലിടല്‍ ചടങ്ങും  20 ന് നടക്കും.
പ്രളയത്തില്‍ തകര്‍ന്ന യാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി രണ്ട് കോടി 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. വേലിയേറ്റ സമയത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വര്‍ഷം തോറുമുളള കടലാക്രമണത്തില്‍ നിന്നും രക്ഷ നേടുന്നതിനായി ഭൂമി വാങ്ങി വീട് വെയ്ക്കുന്നതിനായി 10 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലയില്‍ നടപ്പാക്കികൊണ്ടേയിരിക്കുകയാണ്. 5.20 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുളള താനൂര്‍ ഗവ.റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കുന്നതിനായി ഹോസ്റ്റല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ പ്രവൃത്തി നടപ്പാക്കി. കേരള സംസ്ഥാന തീരദ്ദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 10 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക.
താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍,  പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയുടെ നിര്‍മ്മാണം  പുരോഗമിക്കുന്നതിനോടൊപ്പം മുന്‍കാലങ്ങളില്‍ ട്രോള്‍ബാന്‍ സമയത്ത് മാത്രം നിയോഗിച്ചിരുന്ന റസ്‌ക്യൂ ഗാര്‍ഡുമാരുടെ സേവനവും, റസ്‌ക്യൂ ബോട്ടിന്റെ  സേവനവും 24 മണിക്കൂറും വര്‍ഷം മുഴുവന്‍ ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം നേടിയ സീ ഗാര്‍ഡുമരാണ് റസ്‌ക്യൂ ടീം പ്രധാനമായും നിയന്ത്രിക്കുന്നത്. ഈയിനത്തില്‍ വര്‍ഷം തോറും 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
കൂടാതെ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം നടപ്പിലാക്കി. പരമ്പരാഗത രീതിയിലുളള മത്സ്യകൃഷി  രീതികള്‍ മാറ്റി നൂതനമായി ശാസ്ത്രീയ മത്സ്യകൃഷി രീതികളായ കൂടുകളിലെ മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി  അക്വാകള്‍ച്ചര്‍ സിസ്റ്റം എന്നിവക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ഉള്‍നാടന്‍ മത്സ്യോത്പാദനം  ഇപ്പോഴുളളതിന്റെ ഇരട്ടിയാക്കുന്നതിനുമുളള നടപടികള്‍ രണ്ടേ മുക്കാല്‍ കോടിയോളംം രൂപ ചെലവഴിച്ച് നടപ്പാക്കി കൊണ്ടിരിക്കുകയുമാണ്. അതോടൊപ്പം പരപ്പനങ്ങാടിയിലെ ഉളളണം ഫിഷ് സീഡ് ഫാം ഏറ്റെടുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കുകയും ഒരു കോടി മത്സ്യകുഞ്ഞുങ്ങളെ  ഉത്പാദിപ്പിക്കുന്ന രീതിയില്‍ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട് . വരും വര്‍ഷങ്ങളില്‍ ജില്ലയില്‍ ആവശ്യമായ വളര്‍ത്തു മത്സ്യങ്ങളെ  മുഴുവനായും ഉളളണം ഫിഷ് ഫാമില്‍ ഉത്പാദിപ്പിക്കാനാകും.
2018 ജൂലൈ 13 ന് പൊന്നാനി അഴിമുഖത്ത് സംഭവിച്ച ശക്തമായ വേലിയേറ്റത്തില്‍പ്പെട്ട് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന  വലിയ ഇന്‍ബോര്‍ഡ് വളളങ്ങള്‍ ഉള്‍പ്പെടെ കെട്ട്പൊട്ടി  കടലിലേക്ക് ഒഴുകി പോകുകയും പുലിമുട്ടില്‍ ഇടിച്ച്  തകരുകയുമുണ്ടായി. 13 ഇന്‍ബോര്‍ഡ് വളളങ്ങളും 26 ചെറുവളളങ്ങളുമാണ് ഇത്തരത്തില്‍ തകര്‍ന്ന് പോയത്. ഇവയ്ക്ക് നഷ്ടം കണകാക്കി രണ്ട് കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. കടല്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍  മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുക രഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുകയും 15 മീറ്ററില്‍ താഴെയുളള വളളങ്ങള്‍ക്കായി  ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ മൂന്ന് ലക്ഷം രൂപവരെയുളള വളളങ്ങള്‍ക്ക്  വെറും 450 രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്യാനാകും. മത്സ്യത്തൊഴിലാളികള്‍ക്ക്  കുടുതല്‍ സുരക്ഷ ഉറപ്പാക്കാനായി  ലൈഫ് ജാക്കറ്റുകള്‍ , ലൈഫ് ബോയ്, ജി.പി.എസ് , സാറ്റലൈറ്റ്  ഫോണ്‍, നാവിക് യന്ത്രവും ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്ട്.
മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി എട്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ കാലങ്ങളായി പണിതീര്‍ക്കാനാകാതെ കിടന്നിരുന്ന 147  വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചു നല്‍കി. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ആധുനിക രീതിയില്‍ വൈദ്യൂതീകരിക്കുന്നതിനായി 40 കോടിയും മത്സ്യത്തൊഴിലാളി ഭവന അറ്റകുറ്റപ്പണികള്‍ മൂന്ന് കോടിയും അനുവദിച്ചു. 600 പേര്‍ക്കാണ് അറ്റകുറ്റപണികള്‍ നടത്തുന്നതിനായി തുക അനുവദിച്ചിരിക്കുന്നത്.   
800    മത്സ്യത്തൊഴിലാളികള്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിനായി ഒരു കോടിയലധികം രൂപയും, പ്രിമെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്  ആയി ആറ് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. സമ്പാദ്യ ആശ്വാസ പദ്ധതിയില്‍ 17000 ഗുണഭോക്താക്കള്‍ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.   

date