നിലമ്പൂര്‍ മിനി സ്റ്റേഡിയം ഉദ്ഘാടനം ഫെബ്രുവരി 16 ന്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷഷത്തിന്റെ ഭാഗമായി നിലമ്പൂര്‍ മാനവേദന്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്ന നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സ് നിര്‍മ്മാണ ഉദ്ഘാടനം 16 ന് വ്യവസായ, കായിക, യുവജന കാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിക്കും. വൈകീട്ട് മൂന്നിന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി.അബ്ദുല്‍ വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
6.47 ഏക്കര്‍ സ്ഥലത്ത് 18.30 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ സ്റ്റേഡിയം കോംപ്ലക്സില്‍ ഫിഫ മാനദണ്ഡ പ്രകാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം, ആറ് ലെയിന്‍ 400 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നീന്തല്‍കുളം തുടങ്ങിയ സൗകര്യങ്ങളൊരുക്കും. ജില്ലയുടെ കായിക മുന്നേറ്റത്തിന് കുതിപ്പേകുന്ന സ്റ്റേഡിയം കോംപ്ലക്സ് കായിക എഞ്ചിനീയറിങ് വിഭാഗത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ കിറ്റ്കോ മുഖേനെയാണ് നിര്‍മ്മിക്കുന്നത്.
- Log in to post comments