സര്‍ക്കാറിന്റെ ആയിരം ദിനം പരിപാടി: കുടുംബശ്രീക്ക് 50 ലക്ഷം
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ നൂതന സംരംഭങ്ങള്‍ക്കായി പ്രത്യേക വായ്പാ പദ്ധതി ഏര്‍പ്പെടുത്തി. കുറഞ്ഞ പലിശയില്‍ 50 ലക്ഷം രൂപയുടെ പ്രത്യേക മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്. പെരിന്തല്‍മണ്ണ നഗരസഭയിലെ കുടുംബശ്രീ സംരംഭമായ മാലാഖ സൊലൂഷന്‍സ് വായ്പയുടെ ആദ്യ വിതരണം ഏറ്റുവാങ്ങി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവുംഎം.ഒ.യു ഒപ്പുവെക്കലും മനഴി ബസ് സ്റ്റാന്റിലെ കാര്‍ഷിക ഗവേഷണ പരിശീലന കേന്ദ്രത്തില്‍വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കെ.എസ് സലീഖ നിര്‍വഹിച്ചു.
സങ്കീര്‍ണമായ സാങ്കേതിക നടപടികളും ജാമ്യ വ്യവസ്ഥയുമില്ലാതെ കേവലം നാലു ശതമാനം പലിശക്ക് 36 മാസം കാലയളവിലേക്കുള്ളതാണ് വായ്പാപദ്ധതി. ഈ വായ്പ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ പ്രദേശത്തെയും കുടുംബശ്രീ നൂതനസംരംഭങ്ങള്‍ക്ക് നല്‍കാനാണ് വനിതാ വികസന കോര്‍പറേഷന്റെ തീരുമാനം. വായ്പക്ക് ആവശ്യമായ കൃത്യമായൊരു നൂതന പദ്ധതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വായ്പ വിതരണം ചെയ്യുകയുള്ളു.
നഗരസഭയുടെ സ്‌നേഹഭവനം പദ്ധതിയില്‍ ലൈഫ് മിഷന്റെ സഹായത്തോടെ എസ്.സി വിഭാഗത്തിന് 640 വീടുകളാണ് കുടുംബശ്രീ മാലാഖ സൊലൂഷന്‍സ് കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഭൂരഹിതരായ 400 ഭവന രഹിതര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മ്മാണവും ഇതേ കുടുംബശ്രീ യൂനിറ്റാണ് നിര്‍വ്വഹിക്കുക. ഇതിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 23 രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഈ രണ്ട് പദ്ധതികളുടെയും നിര്‍വ്വഹണത്തിനുള്ള പ്രവര്‍ത്തന മൂലധനമായാണ് വനിതാ വികസന കോര്‍പറേഷന്റെ വായ്പ ഉപയോഗിക്കുന്നത്. സംരംഭത്തിലെ വരുമാനം ഉപയോഗിച്ച് വായ്പ തിരിച്ചടക്കും.
വനിതാ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കല്‍, ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കല്‍, ഹോസ്റ്റലടക്കം വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നിര്‍മ്മിച്ച് പരിപാലിക്കല്‍, പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് വായ്പ ലഭ്യമാക്കല്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കല്‍ എന്നിവയാണ് വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍.വനിതാ വികസന കോര്‍പ്പറേഷന്‍ നഗരസഭയുടെ എരവിമംഗലത്തെ 50 സെന്റ് സ്ഥലത്ത് ജോലിക്കാരായ 100 വനിതകള്‍ക്ക് വേണ്ടി പണിയുന്ന ഹോസ്റ്റലിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ചില്‍ പ്രവര്‍ത്തി ആരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചടങ്ങില്‍ അറിയിച്ചു.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അധ്യക്ഷ നായി. നിഷി അനില്‍രാജ്, കെ.പി സുമതി, വി.സി ബിന്ദു, സി.കെ ഹേമലത, താമരത്ത് ഉസ്മാന്‍, കെ.ഫൈസല്‍ മുനീര്‍, കെ.വിനോദ്, എം.പ്രേമലത, കെ.സി മൊയ്തീന്‍ കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, കിഴിശ്ശേരി മുസ്തഫ ,അബ്ദുല്‍ സജീം, സുബൈര്‍ അവാന്‍, ജയന്‍ മീത്തില്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments