Skip to main content

രക്തസാക്ഷ്യത്തില്‍ ഏവരുടെയും മനം കവര്‍ന്ന് നൂല്‍ നൂക്കുന്ന ഗാന്ധിയും ഒറ്റത്തടി ആനയും

സാംസ്‌കാരിക വകുപ്പ് സര്‍വ്വോദയ മണ്ഡലത്തിന്റെ സഹകരണത്തോടെ തവനൂരില്‍ നടത്തുന്ന രക്തസാക്ഷ്യം പരിപാടിയിലെ പ്രദര്‍ശന മേളയില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്  റൂറല്‍ ആര്‍ട്ട് ഹബ്ബ് പ്രൊജക്ട് ന്റെ സ്റ്റാള്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചലിക്കുന്ന ഗാന്ധിയും ഒറ്റത്തടിയില്‍ തീര്‍ത്ത ആനയും.50 കിലോ ഭാരമുള്ള ഒറ്റത്തടി ആന പ്രതിമയ്ക്ക് 31,000 രൂപയാണ് വില. 20 രൂപ മുതല്‍ 31, 000 രൂപ വരെയുള്ള പരമ്പരാഗത കരകൗശല വസ്തുക്കള്‍ ഇവിടെ ലഭ്യമാണ്.
തെങ്ങ് കൊണ്ടുള്ള തവികള്‍, പപ്പടം കുത്തി, ചട്ടുകം, പറ, തുടങ്ങിയവ സ്റ്റാളിലെ ശ്രദ്ധേയമായ വസ്തുക്കളാണ്. കൂടാതെ മുള കൊണ്ടുള്ള ബാഗുകള്‍, പെന്‍സ്റ്റാന്റ്, കൊട്ടകള്‍, തൊപ്പികള്‍, ലെതര്‍ കൊണ്ട് നിര്‍മിച്ച കലമാന്‍, മ്യൂറല്‍ പെയിന്റിംങ്ങോട് കൂടി ആമാട പെട്ടികള്‍,  തുടങ്ങി ചൂരല്‍ കൊണ്ടും നിര്‍മ്മിച്ച കരകൗശല വസ്തുക്കളും ഇവിടെയുണ്ട്. പരമ്പരാഗത തൊഴിലാളികളാണ് ഇതെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് .
10 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 20 ഗ്രാമങ്ങളിലെ പരമ്പരാഗത കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ റൂറല്‍ ആര്‍ട്ട് ഹബ്ബ് പ്രൊജക്ടിലൂടെ ചെയ്യുന്നത്.തിരുവനന്തപുരം ബാലരാമപുരത്തെ കൈത്തറി മുതല്‍ കാസര്‍ഗോഡ് തലങ്കര തൊപ്പി വരെ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുംപരിശീലനവും പ്രൊജക്ടിലൂടെ നല്‍കുന്നുണ്ട്.
കൂടാതെ പയ്യന്നൂര്‍ തെയ്യം ഗ്രാമം സ്റ്റാളില്‍ വെച്ച് തന്നെ നിര്‍മ്മിക്കുന്ന തെയ്യങ്ങളുടെ പ്രദര്‍ശനവും അരുവക്കോട് ഗ്രാമത്തിലെ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണവും ഏറെ ശ്രദ്ധേയമാണ്. കൂടാതെ സ്റ്റാളില്‍ തന്നെ നിര്‍മ്മിക്കുന്ന വാദ്യോപകരണങ്ങളുമായി പാലക്കാട്ടിലെ പെരുവമ്പ് ഗ്രാമവും കൈത്തറി നിര്‍മ്മാണവുമായി കൊല്ലന്‍ ചിറ ഗ്രാമവും പ്രദര്‍ശന സ്റ്റാളിലുണ്ട്. ഫെബ്രുവരി 14 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന മേളയില്‍ നൂറ് കണക്കിനാളുകളാണ് ദിവസവും സന്ദര്‍ശിച്ച് വസ്തുക്കള്‍ സ്വന്തമാക്കുന്നത്.

 

date