കെ.ടി.യു ടെക്ക്‌ഫെസ്റ്റ് 15 മുതൽ 17 വരെ
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും കേരള സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി ഫെബ്രുവരി 15 മുതൽ 17 വരെ തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ ദേശീയ തലത്തിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കായി ശാസ്ത്ര സാങ്കേതിക മേള (KTU TECHFEST 2019 ) സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കെറ്റ്‌കോൺ ( KETCON ) എന്ന പേരിലുള്ള പ്രബന്ധാവതരണവും ടെക്കോൺ ( TEKON ) എന്ന പേരിലുള്ള ശാസ്ത്ര സാങ്കേതിക പ്രദർശനവും, പ്രോജക്ട് മത്സരവും നടത്തും. 'ഐഡിയ ഈസ് മണി' എന്ന പേരിലുള്ള ആശയ മത്സരം, ക്വിസ് മത്സരം, ഹാക്കത്തോൺ എന്നിവയും ഉണ്ടായിരിക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ ഐസിഫോസ്, ടി.സി.എസ്, നെസ്റ്റ്, വിൻവിഷ് തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തുന്ന മെഗാ സാങ്കേതിക വാർഷിക മേളയാണ് ശാസ്ത്രസാങ്കേതികമേള.
15 ന് പത്ത് മണിക്ക് ഉദ്ഘാടന ചടങ്ങിൽ തൃശൂർ മേയർ അജിത വിജയൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാ ദേവി, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. ഡോ. സജി ഗോപിനാഥ് എന്നിവർ മുഖ്യ അതിഥികളാണ്. 17 ന് 2.30 ന് നടക്കുന്ന സമാപന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി,എസ്. സുനിൽ കുമാർ, ഐ.ഐ.റ്റി. പാലക്കാട് ഡയറക്ടർ ഡോ.പി.ബി. സുനിൽകുമാർ, ഡോ.ഉഷ ടൈറ്റസ്, ഡോ. കെ.പി. ഇന്ദിരാ ദേവി എന്നിവർ മുഖ്യാതിഥികളായിരിക്കും.
സാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങളെ ആസ്പദമാക്കിയുള്ള പ്രോജക്ടുകളുടെ ദേശീയതലത്തിലുള്ള പ്രദർശന മത്സരങ്ങളാണ് TEKON ൽ നടക്കുക.
സാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങൾ പരസ്പരം പങ്കു വയ്ക്കാനും ദേശീയ തലത്തിൽ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരുമായി സംവദിക്കാനും വിദ്യാർത്ഥികളുടെ പ്രധാനപ്പെട്ട പ്രോജക്ടുകൾ പ്രദർശിപ്പിക്കാനും ചർച്ച ചെയ്യുവാനും അവസരമുണ്ട്.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എൻജിനീയറിംഗ് കോളേജിലെ വിവിധ ലാബുകൾ തുറന്നുകൊടുക്കുന്ന ഒരു അവസരമാണ് ഓപ്പൺ ഹൗസ്. ഭാവിയിൽ എൻജിനീയറിംഗ് ശാഖ തിരഞ്ഞെടുക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് ഇത് പ്രചോദനമായിരിക്കും.
പി.എൻ.എക്സ്. 546/19
- Log in to post comments