പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നവര്‍ക്കായി ഡയറ്റിന്റെ ഒരുങ്ങാം...ഒരുക്കാം...
തൃശൂര്‍ ജില്ലയില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും തൃശൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ കൗണ്‍സലിങ് നല്‍കുന്നു. ഫെബ്രുവരി 14, 15, 16 തീയതികളിലാണ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കൗണ്‍സലിങ് നടക്കുക. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കല്‍, പഠന തന്ത്രങ്ങല്‍, പഠിക്കാനുളള എളുപ്പ വഴികള്‍, സമയക്രമീകരണം, ചിട്ടകള്‍, ശീലങ്ങള്‍, ഉറക്കം, വ്യായാമം, ആഹാരം, മുന്നൊരുക്കങ്ങള്‍, ദൈനംദിന ടൈംടേബിള്‍ തയ്യാറാക്കല്‍ തുടങ്ങിയവയിലാണ് കുട്ടികള്‍ക്ക് കൗണ്‍സിലങ് നല്‍കുക. മാനസിക പിന്തുണ ഉറപ്പാക്കല്‍, കുട്ടികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കല്‍, സഹായക സംവിധാനം ക്രമീകരിക്കല്‍, സമാധന പൂര്‍ണ്ണമായ ഗൃഹാന്തരീക്ഷത്തിന്റെ ആവശ്യകത, കുറ്റപ്പെടുത്താരിക്കല്‍ തുടങ്ങിയവയിലാണ് രക്ഷിതാക്കള്‍ക്കുളള കൗണ്‍സലിങ്. പരിശീലനം ലഭിച്ച രണ്ട് അദ്ധ്യാപകര്‍ വിദ്യാലയ തലത്തില്‍ നേതൃത്വം നല്‍കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥി, രക്ഷാകര്‍തൃ സംഗമങ്ങള്‍ നടക്കും. ഡയറ്റ് തയ്യാറാക്കിയ മൊഡ്യൂള്‍ അനുസരിച്ച് ജില്ലയിലെ ഒരു കോര്‍ ഗ്രൂപ്പാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 3 വിദ്യാഭ്യാസ ജില്ലകളിലായി 8 കേന്ദ്രങ്ങളില്‍ വെച്ച് 400 അദ്ധ്യാപകര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കി. ജില്ലാ കളക്‌ടര്‍ ചെയര്‍പേഴ്‌സണും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന വിദ്യാദ്യാസ ടാസ്‌ക് ഫോഴ്‌സിനാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ വി പത്മനാഭന്‍ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡോ. പ്രമോദ് നാറാത്ത്, മിനി ചെറിയാന്‍, ശ്രീകല ബിനോയ്, സിജി, റോജ എന്നിവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പത്താം തരം വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഡയറ്റ് തയ്യാറാക്കിയ ലഘുലേഖ ഒരുങ്ങാം...ഒരുക്കാം... വിതരണം ചെയ്‌തു.
- Log in to post comments