പ്രത്യേക പത്രക്കുറിപ്പ് - 8 - 1000 ദിനങ്ങള്‍ - ജില്ലയിലെ നഗരങ്ങളെ മികച്ചതാക്കാന്‍ വികസന മാസ്റ്റര്‍പ്ലാന്‍ തയ്യാര്‍
ജില്ലയിലെ എട്ട് നഗരകേന്ദ്രങ്ങള്‍ക്കു വികസന മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി ടൗണ്‍ പ്ലാനര്‍ അറിയിച്ചു. വികസന മാസ്റ്റര്‍ പ്ലാനിലൂടെ സംസ്ഥാനത്തെ പ്രധാന മികച്ച നഗരങ്ങളെപ്പോലെ ജില്ലയിലെ നഗരകേന്ദ്രങ്ങളെ രൂപപ്പെടുത്താനാണ് ശ്രമം. തൃശൂര്‍ കോര്‍പ്പറേഷന്‍, നഗരസഭകളായ ഗുരുവായൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതോടൊപ്പം പ്രാദേശിക വികസനരേഖകളും സംയോജിത ജില്ലാ വികസനരൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനിലും ഗുരുവായൂര്‍ നഗരസഭയിലും അമൃത് പദ്ധതിയുടെ ഭാഗമായി ജിഐഎസ് അധിഷ്‌ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ഇവിടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ നിന്നും ലഭിച്ചിട്ടുള്ള ബേസ് മാപ്പില്‍ ഗ്രൗണ്ട് ട്രൂത്തിങ് നടത്തുന്നുണ്ട്. ഇവിടുത്തെ ദ്വിതീയ വിവര ശേഖരണവും പൂര്‍ത്തിയായി. 2019 അവസാനത്തോടെ രണ്ട് നഗരങ്ങള്‍ക്കുമുള്ള ജിഐഎസ് മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
മുഖ്യമന്ത്രിയുടെ ഇംപാക്‌റ്റ്‌ഫുള്‍ പ്രൊജക്ടിന്റെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷനിലെ പാര്‍ക്കിങ് സര്‍വ്വേ പൂര്‍ത്തിയാക്കി. ഇതിനായി ലഭ്യമായ വിവരങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ കരട് പാര്‍ക്കിങ് നയവും രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക വികസനരേഖകളും സംയോജിത ജില്ലാ വികസനരൂപരേഖയും തയ്യാറാക്കിയതിന്റെ ഭാഗമായി ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിനും ജനപങ്കാളിത്തത്തോടെ വികസന രൂപരേഖ തയ്യാറാക്കും. പത്താം പഞ്ചവത്സര പദ്ധതിയിലെ വികേന്ദ്രകീയാസൂത്രണത്തിന്റെ കാതലായ ലക്ഷ്യങ്ങള്‍ നേടുന്നതിനാണ് ഇത്തരത്തിലുള്ള ശ്രമം. പ്രാദേശിക വികസന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അടാട്ട്, കാട്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഭൂവിനിയോഗ സര്‍വ്വേ, സാമൂഹിക സാമ്പത്തിക സര്‍വ്വേ പൂര്‍ത്തീകരിച്ചു.
വിവിധ നിര്‍മാണവുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാതെ കിടന്നിരുന്ന അപേക്ഷകള്‍ ജില്ലാഓഫീസില്‍ ഫയല്‍ അദാലത്തിലൂടെ തീര്‍പ്പാക്കി. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ തീരദേശ പരിപാലന നിയമത്തിനനുസൃതമായി സമര്‍പ്പിക്കപ്പെട്ട മുന്നൂറോളം അപേക്ഷകള്‍ തീര്‍പ്പാക്കി. ജില്ലാതല വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെതുടര്‍ന്നും വിശദമായ റിപ്പോര്‍്‌ട്ട് സമര്‍പ്പിച്ചു. മുപ്പതോളം കെട്ടിട നിര്‍മാണ അപേക്ഷകള്‍ ക്രമവത്‌ക്കരണ കമ്മിറ്റിയില്‍ തീര്‍പ്പായതായും ജില്ലാ ടൗണ്‍പ്ലാനര്‍ അറിയിച്ചു.
- Log in to post comments