Skip to main content

സ്പെഷ്യല്‍ റിലീസ് സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷം യുവ സംരഭകര്‍ക്ക് കൈത്താങ്ങായി ജില്ലാ വ്യവസായ കേന്ദ്രം

 

      യുവ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും  വിവിധ  പദ്ധതികളുമായി ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയെ സംരംഭക സൗഹൃദമാക്കുന്നതിന് നടപ്പാക്കുന്ന ഇ.എസ്.എസ് പദ്ധതിയില്‍ 34 സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചിട്ടുളളത്. 163 ലക്ഷം രൂപയാണ് ഈ പദ്ധതിയിലൂടെ ജില്ലയില്‍ വിതരണം ചെയ്തത്. 40 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്.  സംരഭകത്വ സഹായ പദ്ധതിയിലൂടെ 30 ലക്ഷം രൂപ വരെയാണ് സ്ഥിര മൂലധന നിക്ഷേപത്തിന് ഉല്പാദന മേഖയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍കി വരുന്നത്. യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 'യുവ വീവ്' പദ്ധതിയില്‍ 20 യുവതികള്‍ക്ക് കൈത്തറി നെയ്ത്തില്‍ 6 മാസത്തെ  പരിശീലനം നടന്നുവരുകയാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വീടുകളില്‍ നെയ്ത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നതിന് തറികള്‍ സൗജന്യമായി വകുപ്പ് വിതരണം ചെയ്യും.

     ആധുനിക വ്യവസായ മേഖലയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനുമായി 13.21 ലക്ഷം രൂപയാണ്  ചെലവഴിച്ചിട്ടുളളത്.

ചെറുകിട സംരഭകരുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നതിനും വിറ്റഴിക്കുന്നതിനും  എക്‌സിബിഷനുകളും സംഘടിപ്പിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി പ്രകാരം ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 52 അപേക്ഷകര്‍ക്ക്             93. 32 ലക്ഷം രൂപ മാര്‍ജിന്‍ മണി ഗ്രാന്റായി നല്‍കിയിട്ടുണ്ട്. 

     വ്യവസായ കേന്ദ്രത്തിന്റെ സേവനങ്ങള്‍ ആധുനികമാക്കുന്നതിന്റെ ഭാഗമായി       ഇ- ഓഫീസ് സംവിധാനം നടപ്പാക്കി. എം എസ് എം ഇ സംരംഭകര്‍ക്ക് 4 ലക്ഷം രൂപ വരെ മരണാനന്തര ഇന്‍ഷുറന്‍സ് സഹായവും സംരംഭകരുടെ 9-12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ സംരംഭകരാക്കാനുള്ള പരിശീലനം നല്‍കുന്നതിന് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 33 സംരംഭകത്വ വികസന ക്ലബ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്.

                                                               (കെ.ഐ.ഒ.പി.ആര്‍-266/19)

date