Skip to main content

അതിജീവനം: ഡോക്യുമെന്ററി ഫെസ്റ്റുവലിന് ഇന്ന് തുടക്കം

 

     ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ ഫിലിം ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിജീവനം ത്രിദിന ഡോക്യുമെന്ററി ഫെസ്റ്റിന് ഇന്ന്  (ഫെബ്രുവരി 14) തുടക്കമാകും. സിഎം.എസ് കോളേജ് റവ. ജോസഫ് ഫെന്‍  ഹാളില്‍ രാവിലെ 9ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.  നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന അദ്ധ്യക്ഷത വഹിക്കും.  സംവിധായകരായ ആര്‍. ജയരാജ്, പ്രിയനന്ദനന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസി. പ്രൊഫസര്‍ ഹരികുമാര്‍ ചങ്ങമ്പുഴ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്  മേഖലാ ഡെപ്യൂട്ടി  ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടന ചിത്രമായി  പ്രശസ്ത സംവിധായകന്‍ ആര്‍. ജയരാജ് സംവിധാനം ചെയ്ത കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. രാവിലെ 11.30ന്  ആര്‍. ജയരാജ്, പ്രിയനന്ദനന്‍ എന്നിവരുമായും ഉച്ചകഴിഞ്ഞ് 2ന് സജിതാ മഠത്തില്‍, പി.കെ മേദിനി എന്നിവരുമായും മുഖാമുഖം നടക്കും. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് 2ന് സംവിധായകന്‍ എം. പി സുകുമാരന്‍ നായരുമായി മുഖാമുഖം നടക്കും. ഫെബ്രുവരി 16ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ രാവിലെ 10 മുതല്‍  ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. മൂന്നിന് ഡോക്യുമെന്ററി സത്യവും മിഥ്യയും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ആരംഭിക്കും.  അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് മോഡറേറ്റര്‍ ആയിരിക്കും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസോസിയേറ്റ് പ്രൊഫ. അജൂ കെ നാരായണന്‍, കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റിംഗ് വിഭാഗം മേധാവി വിനോദ് സുകുമാരന്‍, സാഹിത്യകാരന്‍ എസ്. ഹരീഷ്, തിരക്കഥാകൃത്തും സംവിധായകരുമായ പ്രദീപ് നായര്‍, സജീവ് പാഴൂര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അദ്ധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, മാസ്‌കോം ഫാക്കല്‍റ്റി എ. സഹദേവന്‍, സംവിധായകന്‍ ജോഷി മാത്യു എന്നിവര്‍ സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സ്വാഗതവും അസി. എഡിറ്റര്‍ കെ. ബി ശ്രീകല നന്ദിയും പറയും. കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത വള്ളത്തോള്‍ മഹാകവി, ആര്‍ ജയരാജ് സംവിധാനം ചെയ്ത കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, പ്രിയനന്ദനന്‍ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും. ടി.കെ.രാജീവ് കുമാറിന്റെ രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍, ടി വി ചന്ദ്രന്റെ രാമു കാര്യട്ട് സ്വപനവും സിനിമയും മധുപാല്‍ സംവിധാനം ചെയ്ത പ്രൊഫ. എം.കെ.സാനു മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ എന്നിവയ്ക്ക് പുറമെ എംജി ശശി (അഴീക്കോട് മാഷ്), എം വേണുകുമാര്‍ (പ്രളയശേഷം ഹൃദയപക്ഷം), വിനോദ് മങ്കര (ക്ഷേത്രപ്രവേശന വിളംബരം സമരവിജയവീഥികള്‍), ടി.രാജീവ് നാഥ് (പി പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍), കെ.പി.കുമാരന്‍ (സി.വി രാമന്‍പിള്ള വാക്കിന്റെ രാജശില്‍പ്പി), പിബാലചന്ദ്രന്‍ (കഥാകഥനത്തിന്റെ രജശില്‍പ്പി വി.സാംബശിവന്‍), നീലന്‍ (പ്രേംജി ഏകലോചനജ•ം,) എം.പി സുകുമാരന്‍ നായര്‍ (പൊന്‍കുന്നം വര്‍ക്കി), വി.ആര്‍ ഗോപിനാഥ് (ദേവനായകന്‍ പ്രേം നസീര്‍,)   എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

date