നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ സബ് ട്രഷറികള്‍ക്ക് സ്വന്തമായി കെട്ടിടമാകും
സര്‍ക്കാരിന്റെ ആയിരം ദിനഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ സബ് ട്രഷറികള്‍ക്ക് സ്വന്തമായി ഭൂമിയും ആധുനിക രീതിയില്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി. സര്‍ക്കാരിന്റെ അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍കലാണ് ആധുനിക രീതിയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ മുഖ്യ പങ്ക് വഹിക്കുന്ന ധനകാര്യ വകുപ്പിന് കീഴിലുള്ള ട്രഷറി വകുപ്പിനിത് നേട്ടങ്ങളുടെ സുവര്‍ണകാലം.
കറന്‍സി രഹിത ഇടപാടുകളും സംസ്ഥാനത്തെ ഏതൊരു ട്രഷറിയിലും ഇടപാടുകള്‍ നടത്താനുള്ള സൗകര്യങ്ങളുമായി കാലത്തിനൊപ്പം നീങ്ങുകയാണ് ട്രഷറി വകുപ്പ്. ഏതാണ്ട് 162 ഇനം പെന്‍ഷനുകളിലായി അഞ്ചര ലക്ഷത്തോളം പെന്‍ഷന്‍കാരും അത്ര തന്നെ സര്‍ക്കാര്‍ ജീവനക്കാരുമാണ് ട്രഷറി സംവിധാനത്തിന്റെ ഗുണഭോക്താക്കളായുള്ളത്. ഇതോടൊപ്പം പത്ത് ലക്ഷത്തോളം സ്ഥിര നിക്ഷേപങ്ങളും സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുമുള്ള ട്രഷറി, 1250 തദ്ദേശ സ്ഥാപനങ്ങളുടെയും കരാറുകാറുള്‍പ്പടെയുള്ള സര്‍ക്കാരുമായി പണമിടപാട് നടത്തുന്നവരുടെയും ഏക ആശ്രയമാണ്.
സംയോജിത ധനകാര്യ മാനേജ്മെന്റ് സംവിധാനം (ഐ.എഫ്.എം.എസ്) നടപ്പാക്കിയതിലൂടെ സര്‍ക്കാരിന്റെ ദൈനംദിന വരവ് ചെലവുകള്‍ അവലോകനം ചെയ്യുന്നതിനും വികസന പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും വഴിയൊരുങ്ങി. ഈ സംവിധാനത്തിലൂടെ സംസ്ഥാനത്തെ ഏതൊരു ട്രഷറിയിലും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള സൗകര്യവും കറന്‍സി രഹിത ഇടപാടുകളും 24 മണിക്കൂറും ഏതൊരു അക്കൗണ്ടിലേക്കും ഓണ്‍ലൈനായി പണം കൈമാറാനുള്ള സൗകര്യവും ലഭ്യമാക്കി. അക്കൗണ്ട് വിവരങ്ങള്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാകുന്നതോടൊപ്പം വിവിധ ബില്ലുകള്‍ ട്രഷറിയിലെ അക്കൗണ്ടില്‍ നിന്നും നേരിട്ടടക്കാനുള്ള സൗകര്യവും ഈ സംവിധാനത്തിലൂടെ സാധ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ട്രഷറികള്‍ മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍കാര്‍ക്കും ഓണ്‍ലൈനായി തങ്ങളുടെ പെന്‍ഷന്‍ വിവരങ്ങള്‍ അറിയാനുള്ള സംവിധാനമാണ് പെന്‍ഷനേഴ്സ് പോര്‍ട്ടലിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ട്രഷറികളില്‍ നേരിട്ട് ഹാജരാകാതെ പെന്‍ഷന്‍കാര്‍ക്ക് രജിസറ്റര്‍ ചെയ്ത തങ്ങളുടെ മൊബൈല്‍ നമ്പറിലൂടെ പെന്‍ഷന്‍ തുക, അക്കൗണ്ടില്‍ ലഭിച്ച ദിവസം എന്നിവ അറിയാനാകും. കൂടാതെ തങ്ങളുടെ ആദായ നികുതി അടക്കുന്നതിനും ഇതുവഴി സാധിക്കും. ട്രഷറി വകുപ്പിലെ എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും ജില്ലാ ട്രഷറി ഓഫീസുകളിലും ബയോമെട്രിക് ഹാജര്‍ സംവിധാനവും ജനുവരി മുതല്‍ തന്നെ നടപ്പിലാക്കിയത് ഓഫീസുകളിലെത്തുന്ന പെന്‍ഷന്‍കാരുള്‍പ്പടെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമായി. സംസ്ഥാനത്തെ ഏതൊരു ട്രഷറിയിലും ഗുണഭോക്താക്കളുടെ എസ്.ബി അക്കൗണ്ടിലെ പണം പിന്‍ വലിക്കാനുള്ള സൗകര്യവുമായി കോര്‍ ടി.എസ്.ബി സംവിധാനം ഉള്‍പ്പടെ നിരവധി സേവനങ്ങളാണ് ട്രഷറി വകുപ്പില്‍ പുതിയ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ മിക്കതിനും മൊബൈല്‍ അപ്ലിക്കേഷനുകളുണ്ടെന്നതും പ്രത്യേകതയാണ്.
- Log in to post comments