Skip to main content

സംസ്ഥാന മന്ത്രിസഭാ 1000 ദിനാഘോഷം: കേരളത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക സമുച്ചയം വി.ടി.യുടെ പേരില്‍ നിര്‍മാണോദ്ഘാടനം 24 ന്

 

നമ്പൂതിരി സമുദായത്തിലെ ജാതിചിന്തകള്‍ക്കും യാഥാസ്ഥിതിക നിലപാടുകള്‍ക്കുമെതിരെ ആഞ്ഞടിച്ച സാമൂഹിക വിമര്‍ശകനും നവോത്ഥാന നായകനുമായ വി.ടി.ഭട്ടതിരിപ്പാടിന്‍റെ ഓര്‍മയ്ക്ക് പാലക്കാട് സാംസ്ക്കാരിക സമുച്ചയം ഉയരുന്നു. 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' എന്ന വിപ്ലവ നാടകം പിറന്നുവീണ തൂലികയുടെ ഉടമയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ 56.48 കോടി ചെലവഴിച്ചാണ് സാംസ്ക്കാരിക വകുപ്പ് കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ സാംസ്ക്കാരിക സമുച്ചയം നിര്‍മിക്കുന്നത്. 
   വി.ടി ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയത്തിന്‍റെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 24 വൈകീട്ട് 5.30ന് നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക-പാര്‍ലമെന്‍ററികാര്യ മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന  പരിപാടിയില്‍ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. എം.ബി.രാജേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.ശാന്തകുമാരി, മുനിസിപ്പല്‍  ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ നാരായണദാസ് മുഖ്യാതിഥിയാവും.
       സേലം- കന്യാകുമാരി ദേശീയപാതയോട് ചേര്‍ന്ന് ഗവ.മെഡിക്കല്‍ കോളെജിന് സമീപത്തെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് എന്‍ട്രന്‍സ് ബ്ലോക്ക്, എക്സിബിഷന്‍ ബ്ലോക്ക്, പെര്‍ഫോമന്‍സ് ബ്ലോക്ക്, ഓപ്പണ്‍ എയര്‍ തിയറ്റര്‍ സൗകര്യങ്ങളോടെ 1,10,750 സ്ക്വയര്‍ ഫീറ്റില്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മിക്കുന്നത്. 12,500 സ്ക്വയര്‍ ഫീറ്റ് വലുപ്പത്തില്‍ വിവരാന്വേഷണ കേന്ദ്രം, മെമ്മോറിയല്‍ ഹാള്‍, ലൈബ്രറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ ഉള്‍പ്പെടുത്തിയാണ് എന്‍ട്രന്‍സ് ബ്ലോക്ക് നിര്‍മിക്കുന്നത്. എക്സിബിഷന്‍ ബ്ലോക്കില്‍ എക്സിബിഷന്‍ സ്പേസസ്, ആര്‍ട്ട് ഗാലറി, ശില്‍പ്പകലാ മണ്ഡപം, ഫോക്ലോര്‍ സെന്‍റര്‍, സുവനീര്‍ ഷോപ്സ് എന്നിവ ഒരുക്കും. ഓഡിറ്റോറിയം, ഓഡിയോ വിഷ്വല്‍ തിയറ്റര്‍, ബ്ലാക്ക് ബോക്സ് തീയറ്റര്‍, സെമിനാര്‍ ഹാള്‍, മിക്സിങ് ലാബ്, വര്‍ക്ക്ഷോപ്പ് സ്പെയ്സ്, ക്ലാസ് മുറികള്‍, റിഹേഴ്സല്‍ കാംപുകള്‍ എന്നീ സൗകര്യങ്ങളാണ് പെര്‍ഫോമന്‍സ് ബ്ലോക്കിലുള്ളത്. 1000 ഇരിപ്പിടങ്ങളോടുകൂടിയ ഓപ്പണ്‍ എയര്‍ തിയറ്ററും സമുച്ചയത്തിന്‍റെ ഭാഗമായി ഒരുക്കും. നിര്‍മാണോദ്ഘാടനത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ടി.ആര്‍ അജയന്‍, സാഹിത്യക്കാരന്‍ ടി.കെ. ശങ്കരനാരായണന്‍ പങ്കെടുത്തു.

date