Skip to main content

ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ ഇടപാടുകള്‍ വിരല്‍ തുമ്പിലാക്കി രജിസ്ട്രേഷന്‍ വകുപ്പ്

 

സംസ്ഥാന മന്ത്രിസഭ അധികാരമേറ്റ് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്രധാനപ്പെട്ട സേവനങ്ങളും ഇടപാടുകളും ഓണ്‍ലൈനാക്കി രജിസ്ട്രേഷന്‍ വകുപ്പ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇടനിലക്കാരില്ലാതെ മുദ്രപത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വകുപ്പ് ഏര്‍പ്പെടുത്തിയത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് അധിക ചാര്‍ജുകള്‍, മറ്റു അസൗകര്യങ്ങള്‍ എന്നിവ ഒഴിവാക്കി. പ്രളയത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ആധാരത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുകയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം നല്‍കുന്ന പദ്ധതിക്ക് മുദ്രപത്ര വിലയും രജിസ്ട്രേഷന്‍ ഫീസും പൂര്‍ണമായും ഒഴിവാക്കി. 
ആധാരം രജിസ്റ്റര്‍ ചെയ്യല്‍, രജിസ്ട്രേഷനുള്ള സമയവും തീയതിയും തെരഞ്ഞെടുക്കല്‍, ഫീസ് അടയ്ക്കല്‍, പോക്കുവരവ് എന്നിവ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഇ - സ്റ്റാംപിങ് സമ്പ്രദായം നടപ്പിലാക്കിയതിലൂടെ വ്യാജമുദ്രപത്രങ്ങള്‍ തടയാന്‍ കഴിഞ്ഞു. ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ച് ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സംവിധാനവും കുടികിട സര്‍ട്ടിഫിക്കറ്റുകളുടെ തല്‍സ്ഥിതി, ആധാര മാതൃകകള്‍ എന്നിവ ഓണ്‍ലൈനിലൂടെ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കി. വകുപ്പിനു കീഴില്‍ ആധാരം തയ്യാറാക്കല്‍ ലൈസന്‍സ് പരീക്ഷ നടത്തി ചരിത്രത്തിലാദ്യമായി ആയിരത്തിലധികം പേര്‍ക്ക് ഒരുമിച്ച് ലൈസന്‍സ് നല്‍കി. ചാരിറ്റബിള്‍ സൊസൈറ്റികളുടെ മുടങ്ങിക്കിടന്ന രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി. 
സ്വയം ആധാരം തയ്യാറാക്കാനുള്ള അനുവാദം നല്‍കിയത് വകുപ്പിന്‍റെ മികച്ച നേട്ടങ്ങളിലൊന്നാണ്. ആധാരത്തില്‍ ഉള്‍പ്പെടുന്ന കക്ഷികളില്‍ ആര്‍ക്കും സ്വയം ആധാരം തയ്യാറാക്കാനുള്ള അനുവാദം നല്‍കുന്ന നിയമ ഭേദഗതി നടപ്പാക്കി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റങ്ങള്‍ക്ക് നികുതിയിളവ് കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ നിയമം ഭേദഗതി ചെയ്തു. കൂടാതെ ആധാരങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ കേന്ദ്രീകൃത സെര്‍വറില്‍ ലഭ്യമാക്കുകയും ആധാരമെഴുത്ത് - സ്റ്റാംപ് വെന്‍ഡര്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും വകുപ്പിന് കീഴില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ്.

date