Skip to main content

കോതമംഗലം മണ്ഡലത്തിൽ ആശ്വാസ കിരണം പദ്ധതിയുടെ ആനുകൂല്യം അർഹരായവർക്കെല്ലാം ലഭ്യമാക്കും: മന്ത്രി കെ കെ ശൈലജ

കോതമംഗലം:സംസ്ഥാനത്ത് ശാരീരിക വെല്ലുവിളികൾ നേരിടുന്നവരേയും,കിടപ്പിലായ രോഗികളേയും പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതിയുടെ ഭാഗമായി പ്രതിമാസം നൽകുന്ന 600 രൂപ കോതമംഗലം മണ്ഡലത്തിൽ അർഹരായ മുഴുവൻ അപേക്ഷകർക്കും ലഭ്യമാക്കുമെന്ന്  ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിയമസഭയിൽ അറിയിച്ചു.

 

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരേയും കിടപ്പിലായവരേയും പരിചരിക്കുന്നവർക്ക് മാസം തോറും നല്കി വരുന്ന തുക കോതമംഗലം മണ്ഡലത്തിലെ മുഴുവൻ അപേക്ഷകർക്കും ലഭ്യമാക്കുവാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്  ആന്റണി ജോൺ എം.എൽ.എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

കോതമംഗലം താലൂക്കിൽ നിലവിൽ 836 പേർക്ക് ഈ ആനുകൂല്യം നല്കി വരുന്നതായും മന്ത്രി പറഞ്ഞു.ആശ്വാസ കിരണം പദ്ധതിയുടെ സഹായത്തിന് നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ സഹിതം ഐ സി ഡി എസ് സൂപ്പർവൈസർക്ക് സമർപ്പിക്കുന്ന അപേക്ഷകളിൽ അവർ അന്വേഷണം നടത്തും. ആ റിപ്പോർട്ട് സഹിതം പ്രസ്തുത അപേക്ഷ ശിശു വികസന പദ്ധതി ഓഫീസറുടെ ശുപാർശയോടൊപ്പം കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ഓഫീസിൽ ലഭ്യമാകുന്ന മുറക്ക് അർഹത പരിശോധിച്ച് ധന സഹായം അനുവദിച്ചു വരുന്നുണ്ട്. പുതുതായി ലഭിച്ച അപേക്ഷകളിൽ 119 പേർക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. 2018 മാർച്ചിനു ശേഷം ലഭിച്ച 94 അപേക്ഷകൾ പരിശോധിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് വേഗത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി  നിയമസഭയിൽ അറിയിച്ചു.

date