മണ്ണുത്തി-പാലക്കാട് ദേശീയപാത പരാതി മാര്‍ച്ച് 8 ലേക്ക് മാറ്റി : മനുഷ്യാവകാശകമ്മീഷന്
മണ്ണുത്തി-പാലക്കാട് ദേശീയപാതയിലെ പണി മുടങ്ങിയതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശകമ്മീഷന് പരിഗണിച്ച പരാതി മാര്‍ച്ച് 8 ന് വീണ്ടും പരിഗണിക്കും. പണി നടത്തുന്ന കമ്പനിയുടെയും പരാതിക്കാരന്റേയും താല്പര്യം മാനിച്ചാണിത്. മാര്‍ച്ച് ആദ്യവാരം പണം ലഭിക്കുമെന്ന് കരുതുന്നതായി കമ്പനി പ്രതിനിധി കമ്മീഷനു മുമ്പേ വ്യക്തമാക്കി. തുടര്‍ന്നാണീ തീരുമാനം. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ പരോള്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി മനുഷ്യാവകാശ കമ്മീഷന് ലഭിച്ച 10 പരാതികളില്‍ ജയില്‍ ഐ ജി യുടെ റിപ്പോര്‍ട്ട് തേടിയതായി കമ്മീഷന് അംഗം പി മോഹന്‍ദാസ് അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് തടവുക്കാരുടെ സ്വഭാവ റിപ്പോര്‍ട്ട്, മതിയായ തടവുകാലം പിന്നിട്ടോ എന്നത് തുടങ്ങിയവ പരിഗണിച്ചാണ് പരോള്‍ അനുവദിക്കുന്നതെന്നും പരാതികളുടെ നിജസ്ഥിതി പരിശോധിക്കണ്ടതുണ്ടെന്നും കമ്മീഷന് അംഗം പി മോഹന്‍ദാസ് പറഞ്ഞു. തടവുകാര്‍ കസ്റ്റഡിയിലിരിക്കെ മനോരോഗാശുപത്രിയിലും മറ്റും മരിച്ച സംഭവങ്ങളില്‍ ആഭ്യന്തര വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരണകാരണം മര്ദ്ധനമാണോ എന്നത് രാസപരിശോധനഫലം, മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ച ശേഷമാണ് വിലയിരുത്താനാവുക പി മോഹന്‍ദാസ് വ്യക്തമാക്കി. ആകെ 47 പരാതികളില്‍ 11 എണ്ണം തീര്‍പ്പാക്കി. 7 പരാതികള്‍ പുതുതായി സ്വീകരിച്ചു.
- Log in to post comments