Skip to main content
ജില്ലാ പഞ്ചായത്തിന്റെ 2019 -20 വാർഷിക പദ്ധതി ൽ പെടുത്തി നടപ്പാക്കുന്ന കതിരണിപ്പാടം  നെൽവയൽ വീണ്ടെടുക്കൽ ശില്പശാല പി.കെ ടീച്ചർ എം പി ഉദ്ഘാടനം ചെയ്യുന്നു

തരിശ് നിലങ്ങളിൽ ഇനി പൊന്ന് വിളയും: കതിരണിപ്പാടം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

 

ജില്ലയിലെ തരിശ് നിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണിപ്പാടം പദ്ധതി മാസ്റ്റർപ്ലാൻ ശിൽപശാല പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്തു. മുൻതലമുറ കാണിച്ചുതന്ന ശീലം അനുകരിക്കാൻ കഴിയാത്തതാണ് കാർഷിക മേഖലയിൽ കുറവുണ്ടാകാൻ കാരണമെന്ന് എം.പി പറഞ്ഞു. അവശ്യ വസ്തുക്കൾ മുഴുവൻ കടകളിൽ ലഭിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കൃഷി നമുക്ക് അന്യമായത്. കുട്ടികളെ രക്ഷിതാക്കൾ മണ്ണിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഇത് നമ്മുടെ തന്നെ കുറ്റമാണ്, ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. 

ജില്ലാ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കതിരണിപ്പാടം നടപ്പാക്കുന്നത്. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും കർഷകരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും നിർദേശങ്ങൾ തേടുന്നതിനുമാണ് ശിൽപശാല സംഘടിപ്പിച്ചത്. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന് മാതൃകയായ മയ്യിൽ മോഡലാണ് ജില്ലയിൽ നടപ്പാക്കുന്നത്. കൃഷി ചെയ്യാത്തതും കൃഷിക്ക് അനുയോജ്യവുമായ 1800 ഹെക്ടർ ഭൂമിയാണ് ജില്ലയിലുള്ളത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി 1000 ഹെക്ടർ കൃഷി യോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കർഷകന് ഒരു ഹെക്ടറിന് 50,000 രൂപ വരെ നൽകാനാണ് പഞ്ചായത്ത് പദ്ധതി.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാലയുടെ ഭാഗമായി സമ്പൂർണ നെൽകൃഷി, റൈസ് പ്രൊഡ്യൂസേർസ് കമ്പനി, നെൽകൃഷി സാങ്കേതിക വിദ്യ എന്നീ മയ്യിൽ മാതൃകകളിൽ ക്ലാസുകളും നടന്നു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലൻ, കെ ശോഭ, അംഗങ്ങളായ ടി ആർ സുശീല, അജിത്ത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കർഷകർ, പാടശേഖര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

 

date