നിരാലംബരുടെ അത്താണിയായി കുടുംബശ്രീ സ്നേഹിത
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയകേന്ദ്രവും നിയമസഹായ കേന്ദ്രവുമായി ആരംഭിച്ച സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിലൂടെ കുടുംബശ്രീ നിരാലംബ വനിതകളുടെ അത്താണിയായി മാറുന്നു. 2017 സെപ്റ്റംബർ മുതൽ 459 കേസുകളാണ് ജില്ലയിൽ സ്‌നേഹിത ഹെൽപ് ഡെസ്‌ക്കിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 156 പേർ ഫോൺ വഴിയും, 273 പേർ നേരിട്ടും സഹായത്തിനായി സമീപിച്ചു. 102 പേർക്ക് താൽക്കാലിക താമസസൗകര്യവും 306 പേർക്ക് കൗൺസലിംഗും സ്‌നേഹിത ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അവബോധം സൃഷ്ടിച്ച് ലിംഗ സമത്വത്തിൽ ഊന്നിയ സമൂഹം സൃഷ്ടിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാമിഷൻ നടപ്പാക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് 2017 ഡിസംബർ 16നാണ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ പള്ളിപ്രത്ത് മന്ത്രി കെ ടി ജലീലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ജില്ലയുടെ ഏത് ഭാഗത്തുനിന്നും വിളിച്ചാലും സ്ത്രീകൾക്ക് അഭയം നൽകാൻ സ്നേഹിത തയാറാണ്. എന്തെങ്കിലും കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന പെൺകുട്ടികൾക്ക് താമസ സൗകര്യവും സ്നേഹിത ഒരുക്കും. ഇതിന് പുറമെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും സ്വതന്ത്രമായി ചിന്തിക്കാനും സംവദിക്കാനും ഒരിടം എന്ന ലക്ഷ്യവുമായി ജില്ലയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിഡിഎസിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ജെൻഡർ കോർണർ സ്ഥാപിച്ചു. പരാതി സ്വീകരിക്കാൻ പരാതിപ്പെട്ടി സ്ഥാപിച്ചതിലൂടെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും സാധിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിത ഹെൽപ് ഡെസ്‌കിന്റെ ഉപകേന്ദ്രങ്ങളായി 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജെന്റർ റിസോസ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് മാനസിക പിന്തുണ നൽകാൻ കമ്മ്യൂണിറ്റി കൗൺസലിംഗ് നടപ്പിലാക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നീതം 2018 എന്ന ജെൻഡർ ക്യാമ്പയിനും കുടുംബശ്രീ അംഗങ്ങളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രംഗശ്രീ എന്ന പേരിൽ കലാട്രൂപ്പും കുടുംബശ്രീയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ മുഴുവൻ വാർഡുകളിലും വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ച് പരിശീലനം നൽകുന്നു. ജെൻഡറും അനുബന്ധ ആശയങ്ങളും, ലിംഗ തുല്യത, ലിംഗ നീതി, ലിംഗ സമത്വം എന്നിവ മുൻനിർത്തി ജില്ലയിലെ 81 സിഡിഎസ് ചെയർപേഴ്‌സൺമാർക്ക് ജെൻഡർ അവബോധ ശിൽപശാല സംഘടിപ്പിക്കുകയും സ്ത്രീ പുരുഷ ട്രാൻസ്‌ജെൻഡർ സമത്വം ഉറപ്പുവരുത്താനും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സ്വയം അവബോധം സൃഷ്ടിക്കുവാനായി കുടുംബശ്രീ മിഷൻ ലിംഗപദവി സ്വയംപഠന പ്രക്രിയ ആരംഭിക്കുകയും ചെയ്തു.
സാമൂഹ്യ പുരോഗതിക്കായി കുടുംബശ്രീ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികളിൽ ശ്രദ്ധേയമായ പദ്ധതിയാണ് അഗതിരഹിത കേരളം. സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച് തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന അഗതിരഹിത കേരളം പദ്ധതിയിൽ ജില്ലയിൽ 5200 ഗുണഭോക്തൃ കുടുംബങ്ങളാണുള്ളത്. 2018-2019 കാലാവധിക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങളും അതിജീവനവും നൽകി ഇത്തരം കുടുംബങ്ങളെ ഉയർത്തുകയാണ് ലക്ഷ്യം. 90 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിൽ 60 ശതമാനം സംസ്ഥാന സർക്കാരും 40 ശതമാനം കുടുംബശ്രീ സംസ്ഥാന മിഷനുമാണ് ഫണ്ട് നൽകുക. ജില്ലയിൽ 81 സിഡിഎസുകളിലായി 1545 എഡിഎസുകളും, 19523 അയൽക്കൂട്ടങ്ങളിലുമായി മൂന്ന് ലക്ഷത്തോളം വനിതകളുമാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്.
2017-18 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു വൾനറബിലിറ്റി മാപ്പിംഗ്. തദ്ദേശ സ്വയംഭരണ പ്രദേശത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥകൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ കൊണ്ടുവരിക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments