Skip to main content
ആരോഗ്യ ജാഗ്രത 2019 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

പകർച്ചവ്യാധികൾക്കെതിരെ പടയൊരുക്കം ആരോഗ്യ ജാഗ്രത പരിപാടിക്ക് തുടക്കമായി

പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത 2019 പരിപാടിക്ക് ജില്ലയിൽ തുടക്കമായി. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ജീവിത സാഹചര്യം തുടരുമ്പോഴും നമുക്കിപ്പോഴും മാലിന്യം വലിച്ചെറിയുന്ന ശീലമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിലെ മാലിന്യം തൊട്ടപ്പുറത്തേക്ക് വലിച്ചെറിയേണ്ട ഒന്നാണെന്ന ധാരണ ആളുകൾക്കിടയിലുണ്ട്. മെച്ചപ്പെട്ട വ്യക്തിശുചിത്വം പാലിക്കുമ്പോഴും പൊതുശുചിത്വത്തിൽ നമുക്ക് വേണ്ടത്ര മുന്നോട്ട് പോകാൻ കഴിയുന്നില്ല എന്ന വിമർശനം ഉയർന്നുവരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരുടേയും ജനപ്രതിനിധികളുടേയും ഭാഗത്ത് നിന്ന് കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇതര വകുപ്പുകളുമായി ചേർന്ന് കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആരോഗ്യ ജാഗ്രത. മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും പകർച്ച വ്യാധികളെ തടയുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രചരണ പരിപാടിയുടെ ഭാഗമായി ശുചീകരണ ക്യാമ്പയിനും ജില്ലാതല ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 19 വരെ നടത്തുന്ന ആരോഗ്യ സന്ദേശ യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തലശ്ശേരിയിൽ സമാപിക്കും. ചെണ്ടമേളം, ഓട്ടൻതുള്ളൽ, മാജിക് ഷോ, നാടൻ കലാരൂപങ്ങൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സന്ദേശ യാത്രയുടെ ഭാഗമായി നടത്തും. ഇതിന് പുറമെ ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്ത് ആരോഗ്യ ബോധവത്കരണ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ കോർപറേഷൻ വാർഡ് കൗൺസിലർ അഡ്വ. ലിഷ ദീപക്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. എം കെ ഷാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date