വൃക്ക മാറ്റിവച്ചവർക്ക് സൗജന്യ മരുന്ന്; ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാവും
ജില്ലയിലെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ആശ്വാസത്തിന്റെ കരസ്പർശവുമായി ജില്ലാ പഞ്ചായത്ത്. ഇവർക്ക് സ്ഥിരമായി കഴിക്കാനുള്ള മരുന്നുകൾ ഓരോ മാസവും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് (ഫെബ്രുവരി 15) തുടക്കമാവും. രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. വൃക്കരോഗികൾക്ക് മരുന്നു നൽകുന്നതിന് ജില്ലാ ആശുപത്രിയിൽ പ്രത്യേകമായി സജ്ജമാക്കിയ ഫാർമസിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ മീർ മുഹമ്മദലി നിർവഹിക്കും.
ജില്ലാ പഞ്ചായത്തും സ്നേഹജ്യോതി കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ശേഷം ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുന്ന മരുന്നിനും മറ്റുമായി വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബങ്ങൾക്കുണ്ടാവുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടു തന്നെ സാമ്പത്തിക മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെയാണ് സൗജന്യ മരുന്ന് വിതരണം നടത്തുന്നത്. എല്ലാവർക്കും പൊതുവായി മരുന്ന് ലഭ്യമാക്കുന്നതിന് പകരം ഓരോ രോഗിക്കും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്ന മരുന്നുകൾ തന്നെയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഇതാണ് പദ്ധതി അൽപം വൈകാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ 100ൽ താഴെ പേർ മാത്രമേ ജില്ലയിൽ വൃക്ക മാറ്റിവച്ചവർ ഉണ്ടാകൂ എന്ന കണക്കുകൂട്ടലിലായിരുന്നു ജില്ലാ പഞ്ചായത്ത്. ഇവർക്കായി ഒരു വർഷത്തേക്ക് 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതിയിലേക്ക് 360 പേരുടെ അപേക്ഷയാണ് ജില്ലാ പഞ്ചായത്തിൽ ലഭിച്ചത്. ഇവരിൽ കാരുണ്യ പദ്ധതിയിൽ മരുന്നു ലഭിക്കുന്നവരെ താൽക്കാലികമായി ഒഴിവാക്കി 265 പേരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുക്കുന്നത്. ഒരു കോടിയിലേറെ രൂപയാണ് ഒരു വർഷത്തേക്ക് ഇതിന് ആവശ്യമായി വരികയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപക്ക് പുറമെ സ്നേഹജ്യോതി സൊസൈറ്റി സംഭാവനയിലൂടെ സമാഹരിച്ച തുകയും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതിനായി 50 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ പ്ലാൻഫണ്ടുപയോഗിച്ച് വാങ്ങുന്ന മരുന്നുകൾ കാരുണ്യ വഴിയും സ്നേഹജ്യോതി സൊസൈറ്റി വാങ്ങുന്ന മരുന്നുകൾ കമ്പനികളുമായി നേരിട്ട് വിലപേശൽ നടത്തി ഏറ്റവും കുറഞ്ഞവിലയിലുമാണ് വാങ്ങുന്നത്. ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകൾ ഒന്നിച്ച് നൽകാനാണ് പദ്ധതി. ഇതിനായി ജില്ലാ ആശുപത്രിയിൽ പ്രത്യേക ഫാർമസി സജ്ജമാക്കിയിട്ടുണ്ട്. ഓരോരുത്തരും മരുന്ന് വാങ്ങേണ്ട ദിവസവും സമയവും ബന്ധപ്പെട്ടവരെ അറിയിക്കും. നേരിട്ട് വാങ്ങാൻ ബുദ്ധിമുട്ടുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പു സഹിതം ബന്ധുക്കളെയോ മറ്റോ അയച്ചാൽ മതിയാവും.
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ പി ജയബാലൻ, വി കെ സുരേഷ് ബാബു, കെ ശോഭ, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി പി രാജേഷ്, ആർഎംഒ ഡോ. സി വി ടി ഇസ്മയിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
- Log in to post comments