പൊന്നാനിയില്‍ ഇനി ഇഞ്ചിയും മഞ്ഞളും കുരുമുളകും വിളയും; നഗരസഭയുടെ പുതിയ കാര്‍ഷിക പദ്ധതിക്ക് തുടക്കമായി
ഗ്രോബാഗില്‍ ഇഞ്ചിയും മഞ്ഞളും കുറ്റി കുരുമുളകും വിളയിക്കാന്‍ പുതിയ കാര്‍ഷിക പദ്ധതിയുമായി പൊന്നാനി നഗരസഭ. ഗ്രോബാഗില്‍ ഇഞ്ചി, മഞ്ഞള്‍, കുറ്റിക്കുരുമുളക് എന്നിവയുടെ വിതരണോദ്ഘാടം പൊന്നാനി നഗരസഭ കാര്‍ഷിക നഴ്‌സറിയില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 553124 രൂപയാണ് നഗരസഭ പദ്ധതിക്കായി വകയിരുത്തിയത്.
ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ മൊത്തം 737500 രൂപയുടേതാണ് പദ്ധതി. ഒരാള്‍ക്ക് നാല് ബാഗ് ഇഞ്ചി, നാല് ബാഗ് മഞ്ഞള്‍, രണ്ട് ബാഗ് കുറ്റി കുരുമുളക് അടങ്ങുന്ന 10 ബാഗുകളാണ് നല്‍കുന്നത്. 1180 രൂപയാണ് പാക്കേജിന്റെ വില അതില്‍ 295 രൂപയാണ് ഗുണഭോക്തൃ വിഹിതം. അത്യുല്‍പാദന ശേഷിയുള്ള സങ്കര ഇനമായ വരദ ഇഞ്ചിയും, പ്രഗതി ഇനത്തില്‍ പെട്ട മഞ്ഞളും ആണ് വിതരണം ചെയ്തത്.
ചടങ്ങില്‍ കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍പേഴസണ്‍ വി.വി സുഹറ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, ബാബുരാജ്, സേതുമാധവന്‍, ഇക്ബാല്‍ മഞ്ചേരി, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ വിജയശ്രീ, ഐ.സി.എസ്.ആര്‍ കോ-ഓര്‍ഡിനേറ്റര്‍ ടി..വൈ അരവിന്ദാക്ഷന്‍ പൊന്നാനി കൃഷി ഓഫീസര്‍ രാധാകൃഷണ പിള്ള , കൃഷി ഓഫീസര്‍ അമല എന്നിവര്‍ സംസാരിച്ചു.
- Log in to post comments