Skip to main content

പ്രളയക്കെടുതിയുടെ ആശ്വാസം ഉടന്‍  നല്‍കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

പ്രളയക്കെടുതിയില്‍ പണം ലഭ്യമാക്കേണ്ട എല്ലാ ഗുണഭോക്താക്കള്‍ക്കും അടിയന്തിരമായി തുക ലഭ്യമാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍. 2018 ലെ പ്രളയക്കെടുതിയില്‍ ആശ്വാസധനസഹായം ലഭിച്ചില്ലെന്ന പരാതി പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുള്ളതായി കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്‌ പറഞ്ഞു. ധനസഹായം ലഭ്യമാക്കാന്‍ കാലതാമസം പാടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പ്രളയത്തില്‍ വീട്‌ ഭാഗികമായി തകര്‍ന്ന കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി കെ.ആര്‍ സതീഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ്‌ ഉത്തരവ്‌. കമ്മീഷന്‍ ജില്ലാ കളക്‌ടറില്‍ നിന്നും റിപ്പോര്‍ട്ട്‌ വാങ്ങി. പ്രളയക്കെടുതിയുടെ അശ്വാസ സഹായമായ 10000 രൂപക്ക്‌ അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്താന്‍ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരെയാണ്‌ നിയോഗിച്ചിരുന്നതെന്നും എന്നാല്‍ പരാതിക്കാരനെ കണ്ടെത്താന്‍ ബിഎല്‍ഒ ക്ക്‌ കഴിയാത്തത്‌ കാരണമാണ്‌ ധനസഹായം ലഭ്യമാക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ ബൂത്ത്‌ലെവല്‍ ഓഫീസര്‍ ലഭ്യമാക്കിയ ഉടനെ 10,000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരശേഖരണത്തിലും ഡാറ്റാ എന്‍ട്രിയിലും അപാകത സംഭവിച്ചതിനാല്‍ കാലതാമസം വന്നിട്ടുണ്ടെന്ന്‌ കളക്‌ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. അര്‍ഹമായ ഗുണഭോക്താക്കള്‍ക്ക്‌ ധനസഹായം അനുവദിക്കാന്‍ നടപടി സ്വീകരിച്ച്‌ വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

date