ഡെൻറൽ ഇംപ്ലാൻറ് ചികിത്സയ്ക്കും ലേസർ ചികിത്സക്കും ജില്ലാ ആശുപത്രിയിൽ സൗകര്യമായി; ഉദ്ഘാടനം 19ന്
നഷ്ടപ്പെട്ട പല്ലുകൾക്ക് പകരമായി അസ്ഥിയിൽ പുതിയ പല്ല് ഉറപ്പിച്ചു വെച്ചു പുനസ്ഥാപിക്കുന്ന ആധുനിക ഡെന്റൽ ഇംപ്ലാൻറ് ചികിത്സയ്ക്കും ലേസർ ഡെൻറൽ ചികിത്സയ്ക്കും ജില്ലാ ആശുപത്രി ദന്ത വിഭാഗത്തിൽ പ്രത്യേക സൗകര്യമായി. പ്രത്യേക ക്ലിനിക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് ഉച്ച 12 മണിക്ക് പി.കെ ശ്രീമതി ടീച്ചർ എം.പി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് അധ്യക്ഷനാകും.
സർക്കാർ മേഖലയിൽ കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഈ ചികിത്സ നടത്തുന്നത്. ഡെന്റൽ ഇംപ്ലാൻറ് ചികിത്സയിൽ പരിശീലനം നേടിയ ജില്ലാ ആശുപത്രി ഡെന്റൽ സർജൻ ഡോ. സി.പി ഗീതയാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. പ്രത്യേക തരം ടെറ്റാനിയം സ്ക്രൂ പല്ല് നഷ്ടപ്പെട്ട ഭാഗത്തുള്ള അസ്ഥിയിൽ ഉറപ്പിച്ചു വെച്ച് അവിടെ പുതിയ പല്ല് വെക്കുകയാണ് ചെയ്യുക. ലേസർ ചികിത്സ ഉപയോഗിച്ച് വേദന രഹിതമായി മൈനർ സർജറികൾ നടത്തുവാൻ സാധിക്കും. നിലവിൽ മൂന്ന് ഡെന്റൽ സർജൻന്മാർ, രണ്ട് ഡെന്റൽ ഹൈജീനിസ്റ്റ്, ഒരു ഡെന്റൽ മെക്കാനിക്ക് എന്നിവരുടെ വിദഗ്ധ സേവനവും ഇവിടെ ഉണ്ട്.
- Log in to post comments