Skip to main content

വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഇന്ന് ജില്ലയില്‍ അഞ്ച് പരിപാടികളില്‍ പങ്കെടുക്കും

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഇന്ന് (ഫെബ്രുവരി 16) ജില്ലയിലെ നാല് പരിപാടികളില്‍ പങ്കെടുക്കും. വ്യവസായ സ്ഥാപനങ്ങളുമായി  ബന്ധപ്പെട്ട പരാതികളില്‍ തീരുമാനം എടുക്കുന്നതിനായി ജില്ലാ വ്യവസായിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് നടക്കുന്ന വ്യവസായിക അദാലത്തില്‍ മന്ത്രി ആദ്യം പങ്കെടുക്കും. ജില്ലാവ്യവസായ കേന്ദ്രം മുഖേന ലഭിച്ച 111 പരാതികള്‍ മന്ത്രി അദാലത്തില്‍ പരിഗണിക്കും.
തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ വ്യാപാര - വ്യവസായ രംഗത്ത് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ ഷിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന  കേരള ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവ്  മന്ത്രി ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. മഞ്ഞളാം കുഴി എം.എല്‍.എ അധ്യക്ഷനാകും. വി.കെ.സി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തും.   തുടര്‍ന്ന് കിംസ് അല്‍-ഷിഫ വൈസ് ചെയര്‍മാന്‍ പി.ഉണ്ണീനെയും താലൂക്കിലെ 13 പ്രമുഖ സംരംഭകരെയും ചടങ്ങില്‍ മന്ത്രി ആദരിക്കും. പട്ടണത്തില്‍ വര്‍ഷങ്ങളായി സംരംഭം നടത്തുന്ന 25 പേര്‍ക്ക് നഗരസഭയുടെ അനുമോദനവും ചടങ്ങില്‍ നല്‍കും. നഗരസഭയില്‍ തുടങ്ങാന്‍ പോകുന്ന പ്രധാന സംരംഭങ്ങളുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.
വൈകീട്ട് മൂന്നിന് നിലമ്പൂര്‍ മാനവേദന്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍    18.30 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സ് നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
വൈകീട്ട് നാലിന്  പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ പ്രത്യേക പദ്ധതിക്കു കീഴില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ 'നങ്ക മോട' മന്ത്രി ഉദ്ഘാടനം ചെയ്യും. പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി.അബ്ദുല്‍ വഹാബ് എം.പി, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ മുഖ്യാതിഥികളാവും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കും. ഊരുമൂപ്പന്‍മാരെയും പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും.
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമം, ഉപജീവനം, സംസ്‌കാരം, അതിജീവനം എന്നീ വിഷയങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി സെമിനാര്‍ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ മൂന്നു സെഷനുകളിലായി സെമിനാറുകള്‍ നടക്കും. 16, 17 തിയ്യതികളില്‍ വൈകീട്ട് അഞ്ചിന് പ്രാദേശിക ഗോത്ര കലാ രൂപങ്ങളും 16, 17 തിയ്യതികളില്‍ രാത്രി ഏഴിന് കലാ സന്ധ്യയും അരങ്ങേറും.  18 ന് വൈകീട്ട് നാലിന് പരിപാടി സമാപിക്കും.പട്ടിക വര്‍ഗ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന, വിപണന മേളയും ഇതോടൊപ്പം നടക്കും.  കുടുംബശ്രീ വനിതകളുടെ ഉമ്മാന്റെ വടക്കിനി എന്ന ഭക്ഷ്യമേളയും നടക്കും.
വൈകീട്ട് അഞ്ചിന് താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിക്കും. കായികവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തുക. വി അബ്ദുറഹ്മാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കായികതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

 

date